Monday, April 29, 2024
spot_img

ഏറ്റവുമധികം ദളിതർ ആക്രമിക്കപ്പെടുന്നത് രാജസ്ഥാനിൽ ; കോൺഗ്രസ് പാർട്ടി സർക്കാരിനെ വിമർശിച്ച് ബിജെപി

ജയ്പൂർ: പാത്രത്തിൽ തൊട്ട് അശുദ്ധിയാക്കിയെന്ന് ആരോപിച്ച് ദളിത് ബാലനെ അദ്ധ്യാപിക മർദ്ദിക്കുകയും അവശനായ സ്‌കൂൾ വിദ്യാർത്ഥി പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം. കോൺഗ്രസ് ഭരണം നടത്തുന്ന രാജസ്ഥാനിലാണ് ഏറ്റവുമധികം ദളിതർ ആക്രമിക്കപ്പെടുന്നതെന്ന് ബിജെപി.

സംസ്ഥാനത്ത് സ്ത്രീകളുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി എംപി രാജ്യവർധൻ സിംഗ് റാത്തോഡ് പറഞ്ഞു. ദളിതർക്കും സ്ത്രീകൾക്കുമെതിരായി ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത് രാജസ്ഥാനിലാണ്. സർക്കാരിനെ സംരക്ഷിക്കാനുള്ള തത്രപാടിൽ ഗെഹ്‌ലോട്ടിന്റെ ശ്രദ്ധ മറ്റെവിടെയോ ആണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ ജലോർ ജില്ലയിൽ ജൂലൈ 20-നായിരുന്നു ദാരുണമായ സംഭവം നടന്നത്. ദളിത് ബാലനായ ഒമ്പത് വയസുകാരനെ അദ്ധ്യാപിക ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സ്‌കൂളിൽ വെള്ളം വെച്ചിരിക്കുന്ന പാത്രത്തിൽ തൊട്ടതിനായിരുന്നു അദ്ധ്യാപിക മർദ്ദിച്ചത്. കുട്ടി ദളിതനാണെന്നും തൊടാൻ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ധ്യാപികയുടെ മർദ്ദനം.

ക്രൂരമായി മർദ്ദിക്കപ്പെട്ട കുട്ടി അഹമ്മദാബാദിൽ ചികിത്സയിലിരിക്കെ 20 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രംഗത്തെത്തി.

Related Articles

Latest Articles