Sunday, September 20, 2026

സ്റ്റീല്‍ തവി ചൂടാക്കി അഞ്ചു വയസുകാരനെ അമ്മ പൊള്ളിച്ച സംഭവം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇടുക്കി: അമ്മ ചൂടുവച്ചു- അമ്മയെ കെട്ടിപ്പിടിച്ച്‌ ചിരിച്ചുകൊണ്ട് നിഷ്കളങ്കമായി അവന്‍ പറഞ്ഞു. കാലിന് എന്തുപറ്റിയതാണ് എന്ന പോലീസിന്റേയും നാട്ടുകാരുടേയും ചോദ്യത്തിനുള്ള അഞ്ചു വയസുകാരന്റെ മറുപടി ഇങ്ങനെയായിരുന്നു. കുഞ്ഞിനെ എടുത്തിരുന്ന അമ്മ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തന്റെ തെറ്റ് ഏറ്റു പറഞ്ഞത്. ‘കുസൃതി കൂടുതലാണ്. കാട്ടിലേക്ക് ഓടിപ്പോകാതിരിക്കാന്‍ വേണ്ടിയാണ് ചൂടുവെച്ചത്. സംഭവിച്ചുപോയി’.

ഇന്നലെയാണ് അഞ്ചു വയസുകാരനോടുള്ള അമ്മയുടെ ക്രൂരത പുറത്താവുന്നത്. കുട്ടിയുടെ രണ്ട് കാല്‍വെള്ളയിലും ദേഹത്തും അമ്മ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. സ്റ്റീല്‍ തവിയുടെ അ​ഗ്രം അടുപ്പില്‍ വച്ച്‌ ചൂടാക്കിയാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്. ഇടതു കാല്‍പാദത്തിലും ഇടുപ്പിലും പൊള്ളലേറ്റ ഭാ​ഗത്ത് പഴുപ്പ് ബാധിച്ചതിനാല്‍ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശാന്തന്‍പാറ പേത്തോട്ടിയിലാണ് സംഭവമുണ്ടായത്. തമിഴ്വംശജയായ തോട്ടം തൊഴിലാളികളുടെ കുഞ്ഞിനാണ് പൊള്ളലേറ്റത്. അച്ഛനും അമ്മയും തോട്ടത്തില്‍ ജോലിക്കു പോകുമ്പോൾ കുട്ടി വീടിനു സമീപത്തുള്ള കാട്ടിലേക്ക് ഓടിപ്പോകുമായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ പൊള്ളിച്ചത്. നാലു ദിവസം മുന്‍പ് കുഞ്ഞിനെ പൊള്ളിച്ച ശേഷം ഇവര്‍ കുടുംബസമേതം തമിഴ്നാട്ടില്‍ പോയി. ഇന്നലെയാണ് തിരിച്ചെത്തിയത്. കുട്ടിയെ വീടിനു പുറത്ത് കാണാതിരുന്നതോടെ സമീപവാസികള്‍ അന്വേഷിച്ചപ്പോഴാണ് കാല്‍പാദത്തിന് പൊള്ളലേല്‍പ്പിച്ചതിനാല്‍ നടക്കാനാവില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് സമീപവാസികളാണ് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചത്.

Related Articles

Latest Articles