മുണ്ടക്കയം: കൂട്ടിക്കലിൽ 12 വയസുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. കണ്ടത്തിൽ ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകൾ ഷംനയെ കൊലപ്പെടുത്തിയത്. ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം തുടങ്ങി.
പുലർച്ചെ നാലോടെയായിരുന്നു സംഭവം. മകൾക്ക് ഉറക്കഗുളിക നൽകിയ ശേഷമാണ് ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചത്. പിന്നാലെ മാതാവും ഉറക്കഗുളിക കഴിച്ചു. പിന്നീടാണ് ഇവർ കിണറ്റിൽ ചാടിയത്. വീഴ്ചയിൽ പരിക്കേറ്റ മാതാവ് കിണറ്റിനുള്ളിൽ കിടന്ന് ബഹളംവച്ചതോടെയാണ് പരിസരവാസികൾ വിവരമറിഞ്ഞത്.
പിന്നീട് നാട്ടുകാർ കരയ്ക്ക് കയറ്റിയതോടെ മകളെ കൊലപ്പെടുത്തിയ വിവരം ഇവർ പറഞ്ഞു. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തിയെന്നും അതിനാലാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ലൈജ പോലീസിന് മൊഴി നൽകി. ഇവരുടെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ലൈജയുടെ ഭർത്താവ് വിദേശത്താണ്. ഭർതൃവീട്ടുകാരുമായി അകന്നു കഴിയുന്നതിനാൽ അമ്മയും മകളും തനിച്ചായിരുന്നു താമസം.. .

