Sunday, June 16, 2024
spot_img

മാവേലിക്കരയിൽ പതിനൊന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ ജീവൻ കവർന്നത് പെറ്റമ്മ !നിർണ്ണായക തെളിവായി ആൺ സുഹൃത്തിനയച്ച എസ്എംഎസ് സന്ദേശം

മാവേലിക്കരയിൽ പതിനൊന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരണപ്പെട്ടത് കൊലപാതകമാണെന്നും കൃത്യം നിർവഹിച്ചത് സ്വന്തം അമ്മയാണെന്നും തെളിഞ്ഞതിൽ നിർണ്ണായക തെളിവായി മാറിയത് അമ്മ ആൺ സുഹൃത്തിനയച്ച ഫോൺ സന്ദേശം. ‘മോളു മരിച്ചു, ഞാന്‍ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോള്‍….’ ഈ എസ്എംഎസ് സന്ദേശമാണ് കേസന്വേഷണത്തില്‍ നിര്‍ണായക തെളിവായത്. കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശിൽപയെ (29) പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടിൽ വച്ചാണു കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തിയതാണു വഴിത്തിരിവായത്. ജോലിക്കു പോകുന്നതിനു കുഞ്ഞു തടസ്സമാകുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു ശിൽപ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി ഷൊർണൂരിലെത്തുകയായിരുന്നു. യുവാവു ജോലി ചെയ്യുന്ന ഷൊർണൂരിലെ തിയേറ്ററിൽ ശനിയാഴ്ച രാവിലെ ഒൻപതരയോടെ എത്തിയ ശിൽപ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കി. പൊലീസിനെ അറിയിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് മണിക്കൂറുകൾക്കു മുൻപേ മരിച്ചുവെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ശിൽപയെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച യുവതി പിന്നീടു മൊഴിമാറ്റി . ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതോടെ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്. തുടർന്ന് ഷൊർണൂർ പൊലീസ് മാവേലിക്കര കോട്ടയ്ക്കകത്തുള്ള വാടകവീട്ടിൽ ശിൽപയെ എത്തിച്ചു തെളിവെടുപ്പു നടത്തി.

കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കച്ചവടം നടത്തിയിരുന്ന പാലക്കാട് പിരായിരി സ്വദേശിയായ യുവാവിനെ പരിചയപ്പെടുന്നത്. ഈ അടുപ്പം വളരുകയും ഇരുവരും ഷൊര്‍ണൂരിനടുത്ത് ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഈ ബന്ധത്തിലാണ് പെണ്‍കുഞ്ഞ് പിറന്നത്.

എന്നാല്‍, ഏകദേശം നാലുമാസം മുമ്പ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുണ്ടായി. യുവതി ലഹരിമരുന്ന് ഉപയോഗിക്കുന്നത് യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് സൗഹൃദത്തില്‍ വിള്ളലുണ്ടാക്കിയത്. ഇതോടെ യുവാവ് ശില്‍പയെ ഒഴിവാക്കി മാറിത്താമസിക്കുകയായിരുന്നു.

ഒരുമിച്ച് താമസിക്കുന്നതിനിടെ ഒരിക്കല്‍ ശില്‍പയെ തിരഞ്ഞ് പോലീസും എത്തിയിരുന്നതായാണ് വിവരം. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണ് പോലീസ് യുവതിയെ തിരഞ്ഞെത്തിയത്. അന്ന് കുഞ്ഞുണ്ടായതിനാലാണ് പോലീസ് വലിയ നടപടികളിലേക്ക് കടക്കാതിരുന്നതെന്നും പറയുന്നു.

Related Articles

Latest Articles