Saturday, May 18, 2024
spot_img

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ പിഴതുക സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ പിഴതുക സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാം എന്ന നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പിഴ കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഇല്ല എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു.

വിഷയവുമയി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത്. കേരളത്തിലടക്കം മോട്ടോര്‍ വാഹന പിഴതുക വര്‍ധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കാരണമാകും.

മോട്ടോര്‍ വാഹന നിയമഭേദഗതി നടപ്പാക്കുന്ന വിഷയത്തില്‍ ഒട്ടേറെ അവ്യക്തതകള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങള്‍ മാത്രമാണ് നിയമം നടപ്പാക്കിയത്. തുടര്‍ന്ന് നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറ്റോര്‍ണി ജനറലിനോട് ഉപരിതല ഗതാഗത വകുപ്പ് വ്യക്തത തേടുകയായിരുന്നു. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ അന്തസത്തയെ ബാധിക്കുന്ന വിധത്തില്‍ നിയമം നടപ്പാക്കാനാകില്ല എന്നാണ് എജിയുടെ നിയമോപദേശം.

60 സെക്ഷനുകളിലായി 24 ഇനങ്ങള്‍ക്ക് പിഴ അടച്ച് നിജപ്പെടുത്താവുന്ന കുറ്റങ്ങളുടെ പിഴതുകയാണ് ഭേദഗതി നിയമം പരിഷ്‌ക്കരിച്ചത്. ഭേദഗതി നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന പിഴതുക കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടെങ്കിലും കുറയ്ക്കാന്‍ സാധിക്കില്ല എന്നാണ് എജിയുടെ നിഗമനം.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപരിതല ഗതഗത വകുപ്പിന്റെ സംസ്ഥാനങ്ങള്‍ക്കുള്ള കത്ത്. ഇക്കാര്യത്തില്‍ സുപ്രിംകോടതിയില്‍ എത്തിയിട്ടുള്ള ഹര്‍ജികളുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി. നിയമം നടപ്പാക്കിയിട്ടില്ലെങ്കില്‍ ഉടന്‍ നടപ്പാക്കാനും പിഴതുക കുറവാണ് ഇടാക്കുന്നതെങ്കില്‍ നിയമനുസൃതമായ തുക ഈടാക്കാനും ആണ് നിര്‍ദേശം. ഡിസംമ്പര്‍ ആറിനാണ് എജി ഉപരിതല ഗതാഗത വകുപ്പ് നിയമോപദേശം നല്‍കിയത്.

Related Articles

Latest Articles