Saturday, January 10, 2026

യുവജനോത്സവത്തില്‍ എത്തിയ മൃദംഗം കലാകാരന്‍ ‘രാഖി’ അഴിച്ചില്ല; യുവാവിന് നേരെ വിദ്യാർത്ഥികളുടെ കൈയ്യേറ്റം; മർദ്ദനം ഏറ്റിട്ടും കലാമണ്ഡലം രാജീവ് വേദിവിട്ടത് ഓട്ടന്‍തുള്ളലിനു മൃദംഗം വായിച്ചശേഷം

കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ഓട്ടന്‍തുള്ളലിനു മൃദംഗം വായിക്കാനെത്തിയ കലാകാരന് ‘രാഖി’ ധരിച്ചതിന്റെ പേരില്‍ മര്‍ദനമേറ്റതായി പരാതി. കലാമണ്ഡലത്തിൽ നിന്നു മൃദംഗപഠനം പൂർത്തിയാക്കി വേദികളിൽ സജീവമായ ചെറുതുരുത്തി തൊയക്കാട്ട് രാജീവ് സോനയെ (കലാമണ്ഡലം രാജീവ്) ആണ് ഒരുകൂട്ടം വിദ്യാർഥികൾ മർദിച്ചത്. മർദനത്തിനിടെ വിദ്യാർഥിസംഘം രാഖി അഴിച്ചെടുത്തു.

അടികൊണ്ടിട്ടും ഓട്ടന്‍തുള്ളലിനു മൃദംഗം വായിച്ചശേഷമാണ് രാജീവ് മടങ്ങിയത്. രാജീവ് മൃദംഗം വായിച്ച കുട്ടിക്കു മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. കണ്ണൂരില്‍ പിറ്റേന്നു മറ്റൊരു പരിപാടി ഏറ്റിരുന്നതിനാല്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ നില്‍ക്കാതെ രാജീവ് മടങ്ങി. പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നു രാജീവ് പറഞ്ഞു. മത്സരം ആരംഭിക്കുന്നതിനു മുൻപുള്ള ഇടവേളയിൽ വേദിക്കു പിന്നിലിരിക്കുമ്പോൾ ഒരാൾ അടുത്തെത്തി രാഖി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി രാജീവ് പറയ‍ുന്നു. കൃത്യമായ കാരണം പറയാതെ അഴിക്കില്ലെന്നായിരുന്നു രാജീവിന്റെ മറുപടി.

തൊട്ടുപിന്നാലെ ഒരു സംഘം വിദ്യാർഥികളെത്തി ഷർട്ടിൽ കുത്തിപ്പിടിച്ചു വലിച്ചുമാറ്റിനിർത്തി രാഖി അഴിക്കാൻ ആവശ്യപ്പെട്ടതായി രാജീവ് പറയുന്നു. വിസമ്മതം പ്രകടിപ്പിച്ചപ്പോൾ മർദനം തുടങ്ങി. അടിക്കിടെ ഒരാൾ രാഖി അഴിച്ചെടുക്കുകയും ചെയ്തു. കണ്ണിനു മുകളിലും പുറത്തുമെല്ലാം അടിയേറ്റ‍ു. താൻ മൃദംഗം വായിക്കാതിരുന്നാൽ കലോത്സവത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കാനിരുന്ന കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെ രാജീവ് വേദിയിൽ കയറാൻ തയാറായി. തുടര്‍ന്ന് മത്സരം പൂര്‍ത്തിയായതിന് ശേഷമാണ് രാജീവ് വേദി വിട്ടത്.

Related Articles

Latest Articles