ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച് ഇയാളെ കുറിച്ച് വിവരം നൽകിയ പ്രവാസി വ്യവസായി. ഇതോടെ എം എസ് മണിയും ഡി മണിയും ഒരാൾ തന്നെയാണെന്നാണ് വ്യക്തമായി. എം.എസ്. മണിയുടെ ചിത്രങ്ങൾ സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിദേശ വ്യവസായിക്ക് അയച്ചുകൊടുത്തിരുന്നു. ചിത്രങ്ങൾ കണ്ട വ്യവസായി ഇതുതന്നെയാണ് ഡി. മണിയെന്ന് സ്ഥിരീകരിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി ഡി. മണി എന്നു പറയുന്ന ആളുമായി തിരുവനന്തപുരത്തുവെച്ച് പഞ്ചലോഹ വിഗ്രഹങ്ങളുടെ ഇടപാട് നടത്തുന്നത് നേരിട്ടുകണ്ടു എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. പോറ്റിക്കൊപ്പം പ്രമുഖനായ ഒരു വ്യക്തിയും ഉണ്ടായിരുന്നു എന്നും മൊഴിയുണ്ട്.
സ്വർണക്കൊള്ളക്കേസിൽ വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം, തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദിണ്ടിക്കലിലെ മണി എന്നയാളിലെത്തിയത്. എന്നാൽ, താൻ ഡി. മണിയല്ലെന്നും സുഹൃത്തിന്റെ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ടതാണെന്നുമായിരുന്നു ഇയാൾ പോലീസിന് നൽകിയ മറുപടി.

