Friday, May 3, 2024
spot_img

ആലോചിച്ച്‌ ഉറപ്പിച്ച്‌ പറഞ്ഞതാണ്; അവിശുദ്ധ കൂട്ടുകെട്ടുണ്ട്, ഖേദം പ്രകടിപ്പിച്ചു എന്നത് തെറ്റ്’; റിയാസ് നേരിട്ട് ഏറ്റുമുട്ടലിന്?

കോഴിക്കോട്: കരാറുകാരുമായി എംഎൽഎമാർ (MLA) വരരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി പി. എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് കരാറുകാരുമായി വരാം. അതല്ലാതെ മറ്റ് മണ്ഡലങ്ങളിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

അതുമായി ബന്ധപ്പെട്ട് താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്ന് പിന്നോട്ട് പോയി എന്നുമുള്ള വാർത്തകൾ കണ്ടു. വാസ്തവ വിരുദ്ധമായ വാർത്തകളാണതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള വഴിവിട്ട ബന്ധം യാഥാര്‍ഥ്യമാണ്. അതേ സമയം നല്ലരീതിയില്‍ കരാര്‍ ഏറ്റെടുത്ത് നടത്തുന്നവരും ഉദ്യോഗസ്ഥരും ഉണ്ട്. അതേ സമയം ബിറ്റമിന് താഴ്ന്ന വില നിലനില്‍ക്കെ ഉയര്‍ന്ന വിലക്ക് കരാര്‍ കൊടുക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്.

ഇന്‍വോയ്‌സിലും തട്ടിപ്പ് നടത്തുന്നുണ്ട്. സമയബന്ധമില്ലാതെ കരാര്‍ നീട്ടിക്കൊണ്ടു പോകുന്നതിന് ചില ഉദ്യാഗസ്ഥര്‍ സഹായം നല്‍കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കരാറുകാരെ കൂട്ടിവരുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തനിക്കെതിരെ പടപ്പുറപ്പാടെന്ന് കേട്ട് സന്തോഷിക്കുന്നവര്‍ക്ക് മാത്രമാണ് ഈ മറുപടികളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles