Wednesday, June 19, 2024
spot_img

മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്ച; കേസെടുത്ത് വനം വകുപ്പും

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ വനം വകുപ്പ് കേസെടുത്തു. അനുവാദം കൂടാതെ അണക്കെട്ടിലേക്ക് പോയതിനാണ് രണ്ട് റിട്ടയർഡ് എസ് ഐമാരടക്കം നാല് പേർക്കെതിരെ കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്കെതിരെ നടപടി ഉണ്ടാകും.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്നാട് ജലസേചന വകുപ്പിന്റെ ബോട്ടിൽ കുമളി സ്വദേശികളായ നാല് പേർ ഡാമിൽ എത്തിയത്. ഇവരെ ഒരു പരിശോധനയും നടത്താതെയാണ് കേരള പോലീസ് കടത്തി വിട്ടത്. ഇവരുടെ പേര് വിവരങ്ങൾ ജി ടി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നില്ല.

ഡാമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ പോകുമ്പോൾ മുല്ലപ്പെരിയാര്‍ സ്റ്റേഷനിൽ വിവരമറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെ ഇവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാര്‍ പോലീസിന്റെ ഗുരുതര വീഴ്ച. തമിഴ്നാട് സംഘമെന്ന് തെറ്റിധരിച്ചാണെന്ന വാദം ഉയര്‍ത്തിയാലും എന്ത് കൊണ്ടു ജി ഡി രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയില്ല എന്ന ചോദ്യമുണ്ട്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

Related Articles

Latest Articles