Friday, October 9, 2026

ആവേശത്തിൽ സിനിമാപ്രേമികൾ; 26-മത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തലസ്ഥാന ജില്ലയിൽ തിരിതെളിയും | IFFK Kerala

26-മത് ഐഎഫ്എഫ്കെയ്ക്ക് ( IFFK Kerala) ഇന്ന് തലസ്ഥാന ജില്ലയിൽ തിരിതെളിയും. മാര്‍ച്ച് 18 മുതല്‍ 25 വരെ നടക്കുന്ന മേളയുടെ ആദ്യ ദിനത്തില്‍ 13 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂര്‍ ഉള്‍പ്പടെ 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവയാണ്. യന്ത്രമനുഷ്യര്‍ക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ മരിയ ഷ്രാഡറുടെ ഐ ആം യുവര്‍ മാന്‍, വാര്‍ദ്ധക്യത്തിന്റെ ആകുലതകള്‍ പങ്കുവയ്ക്കുന്ന അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാല്‍വേഷന്‍, കൊവിഡ് ബാധയെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയന്‍ വനിതയുടെ കഥ പറയുന്ന നയന്റീന്‍ എന്നിവയടക്കമുള്ള ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.

അതേസമയം ഇന്ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. നിശാഗന്ധി തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. രാവിലെ 10 മുതല്‍ കൈരളി തീയറ്ററിലും ടാഗോറിലുമായാണ് പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ശ്രീ, കലാഭവന്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനം ആരംഭിക്കും. സ്പെയിന്‍ ചിത്രമായ ദി കിംഗ് ഓഫ് ഓള്‍ ദി വേള്‍ഡ് ഉച്ചയ്ക്ക് 12.30 നു കൈരളിയിലും, 107 മദേഴ്‌സ് രാവിലെ 10.15 ന് കലാഭവനിലും പ്രദര്‍ശിപ്പിക്കും.

Related Articles

Latest Articles