ദില്ലി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് (Heavy Rain In Kerala) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടനുബന്ധിച്ച് 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ മീറ്റർവരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേസമയം മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ ഇവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാറിലെ സ്ഥിതി ചർച്ചചെയ്യാൻ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേൽനോട്ട സമിതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളണമെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു.കേരളവും തമിഴ്‌നാടും വിഷയം ചർച്ച ചെയ്ത് തീരുമാനം സ്വീകരിക്കണം. അങ്ങനെയെങ്കിൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യമില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ജലനിരപ്പ് എത്രയാകണമെന്ന് കോടതിയിൽ വാദിക്കാതെ തമിഴ്‌നാടുമായി ചർച്ച ചെയ്യാൻ തയ്യാറാകണമെന്നും ഇതൊരു രാഷ്‌ട്രീയ വിഷയമാക്കരുതെന്നുമായിരുന്നു കോടതിയുടെ പരാമർശം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അനാസ്ഥ മൂലമാണ് ഇത്തരം വിഷയങ്ങളിൽ കോടതി ഇടപെടേണ്ടിവരുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

