Monday, May 20, 2024
spot_img

മഹാ വികാസ് അഘാഡിയുടെ പ്രചാരണ റാലിയിൽ മുംബൈ സ്‌ഫോടനക്കേസ് പ്രതി ഇബ്രാഹിം മൂസ ; ദൃശ്യങ്ങൾ പുറത്ത്

മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ മുംബൈ നഗരത്തിൽ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ പ്രതി ഇബ്രാഹിം മൂസയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിലെ സ്ഥാനാർത്ഥി അമോൾ കിർത്തിക്കാരിന് വേണ്ടിയാണ് ഇബ്രാഹിം മൂസ പ്രചാരണം നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് ഇബ്രാഹിം മൂസ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. സ്ഥാനാർത്ഥിയ്‌ക്കൊപ്പം വോട്ട് തേടുന്ന ഇബ്രാഹിമിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇയാൾക്കൊപ്പം കോൺഗ്രസിന്റെ മറ്റ് പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സഖ്യത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

1993 ജനുവരി 15 നായിരുന്നു മുംബൈ നഗരത്തിൽ ഭീകരാക്രമണം ഉണ്ടായത്. അന്ന് ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ വീടിന് പുറത്ത് ആയുധശേഖരങ്ങൾ കൊണ്ടിട്ടത് ഇബ്രാഹിം മൂസയായിരുന്നു. ഇബ്രാഹിമും സംഘവും നടത്തിയ ഭീകരാക്രമണത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles