Friday, May 17, 2024
spot_img

നടിയുടെ അമ്മയെ ഒൻപത് വയസുകാരൻ സൈക്കിൾ ഇടിച്ചു; കുട്ടിക്കെതിരെ പരാതിയുമായി ടെലിവിഷൻ താരം, വിവരമില്ലായ്മയാണെന്ന് കോടതി: ഒന്നും മിണ്ടാതെ കേസ് പിൻവലിച്ച് നടി

മുംബൈ: മുംബൈയിൽ ടെലിവിഷൻ നടിയുടെ അമ്മയെ ഒൻപതുവയസുകാരൻ സൈക്കിൾ ഇടിച്ചതിനെ പേരിൽ നൽകിയ കേസ് തള്ളി മുംബൈ ഹൈക്കോടതി. കേസ് വിവരമില്ലായ്മയെന്നും പൊലീസ് സാമാന്യ വിവേകം കാണിച്ചില്ലെന്നും ഹൈക്കോടതി ശക്തമായി വിമർശിച്ചു.

ഈ വർഷം മാർച്ചിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വൈകീട്ട് നടക്കാനിറങ്ങിയപ്പോഴാണ് നടി സിമ്രാൻ സച്ച്ദേവിന്‍റെ അമ്മയെ ഒമ്പത് വയസുകാരന്‍റെ സൈക്കിൾ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റിട്ടും കുട്ടിയുടെ രക്ഷിതാക്കൾ നേരിട്ടെത്തി വിവരം തിരക്കിയിരുന്നില്ല. ഫോണിലൂടെ ക്ഷമാപണം നടത്തിയതിൽ തൃപ്തയാവാതിരുന്നതോടെയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന ഐപിസി 338 വകുപ്പ് ചുമത്തി കുട്ടിക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കേസെടുത്ത എസിപിക്കെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതിനാൽ സർക്കാർ 25000 രൂപ കുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ മാർച്ച് 27ന് കുട്ടി സൈക്കിൾ ഓടിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ഒരു നടിയുടെ അമ്മയുമായി കൂട്ടിയിടിച്ച് പരിക്കേല്‍ക്കുകയായിരുന്നു. കുട്ടിയും കുടുംബവും താമസിക്കുന്ന അതേ കെട്ടിടത്തിലാണ് നടിയും താമസിച്ചിരുന്നത്. സംഭവം നടന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ സൈക്കിള്‍ ഇടിച്ചത് മനപ്പൂര്‍വ്വം അല്ലെന്നാണ് വസ്തുതകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നടിയും പരാതി പിൻവലിച്ചു.

Related Articles

Latest Articles