ദില്ലി: ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ(India Against Pakistan In UN). നൂറ്റാണ്ടുകളായി തീവ്രവാദത്തെ പിന്തുണയ്‌ക്കുകയും കൊടും ഭീകരർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന ചരിത്രമാണ് പാകിസ്ഥാന് ഉള്ളതെന്ന് ഇന്ത്യയുടെ പ്രതിനിധി ആർ മധു സൂദൻ ഐക്യരാഷ്ട്ര സഭയിൽ തുറന്നടിച്ചു.
യുഎൻ സുരക്ഷാ കൗൺസിൽ നിരോധിച്ച ഏറ്റവുമധികം ഭീകരർക്ക് താവളമൊരുക്കിയതിന്റെ റെക്കോർഡ് ഇന്ന് പാകിസ്ഥാന് സ്വന്തമാണ്. 2008 ൽ മുംബൈ ഭീകരാക്രമണം നടത്തിയവർക്ക് പോലും പാകിസ്ഥാൻ സംരക്ഷണം നൽകുന്നുണ്ടെന്നും ആർ മധു സൂദൻ പറഞ്ഞു. എന്നാൽ യുഎൻ പട്ടികയിൽ ഉൾപ്പെടുത്തിയ ഭീകരർക്ക് സഹായം നൽകുന്നത് ഇന്ത്യയാണെന്നും അത് ഉപയോഗിച്ച് അവർ പാക് സൈന്യത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പാക് പ്രതിനിധി യോഗത്തിൽ പറഞ്ഞത്. എന്നാൽ ഇന്ത്യ ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
ഭീകരർ സുഖമായി പാക് തെരുവുകളിലൂടെ നടക്കുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നത് ഇത് ആദ്യമല്ല എന്ന് മധു സൂദൻ പറഞ്ഞു. ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളുടെ പ്രഭവ കേന്ദ്രം പാകിസ്ഥാൻ ആണെന്നും ഇന്ത്യൻ പ്രതിനിധി തുറന്നടിച്ചു. 2008 ൽ മുംബൈയിൽ ആക്രമണം നടത്തിയ ഭീകരർക്ക് താവളമൊരുക്കുന്നത് പാകിസ്താൻ ആണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ എന്ത് സ്വപ്‌നം കണ്ടാലും ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാകിസ്ഥാൻ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്ന ഇന്ത്യൻ മണ്ണ് ഉടൻ തിരികെ നൽകണമെന്നും മധു സൂദൻ യുഎന്നിൽ വ്യക്തമാക്കി.
അതേസമയം പാകിസ്ഥാനിൽ സാധാരണക്കാരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവരുടെ ജീവിതം അപകടത്തിലാണ്. ഭീകരർക്ക് അഭയം നൽകുകയും അവരെ സഹായിക്കുകയും സജീവമായി പിന്തുണയ്‌ക്കുകയും ചെയ്യുന്ന ഒരു ചരിത്രം പാകിസ്ഥാന് ഉണ്ടെന്ന് എല്ലാ രാജ്യങ്ങൾക്കും അറിയാം. തീവ്രവാദികളെ പരസ്യമായി പിന്തുണയ്‌ക്കുകയും പരിശീലിപ്പിക്കുകയും ആയുധം നൽകുകയും ചെയ്യുന്ന, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രാജ്യമാണിതെന്നും ഇന്ത്യ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു.

