പാലക്കാട്: പാലക്കാട് കോട്ടായില്‍ പ്രണയമെതിർത്തതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാലു പേരെ ബന്ധുവായ യുവാവ് വെട്ടി. ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കൂട്ടനിലവിളി ഉയര്‍ന്നതോടെയാണ് അയല്‍വാസികള്‍ വീട്ടിലേക്ക് എത്തിയത്. പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടെന്നും അയല്‍വാസി പറഞ്ഞു. വീട്ടിലേക്കെത്തിയ ഇവര്‍ ആദ്യം കണ്ടത് വെട്ടേറ്റ് കിടന്ന രേഷ്മയെ ആണ്.
മുകേഷിന് തന്റെ അമ്മയുടെ സഹോദരിയുടെ മകളുമായി അടുപ്പമുണ്ടായിരുന്നു. സഹോദരങ്ങളായതിനാല്‍ ഈ ബന്ധം വീട്ടുകാർ എതിര്‍ത്തിരുന്നു. ഈ വൈരാഗ്യമാകാം ആക്രമണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

