Monday, October 5, 2026

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീകൊളുത്തിയ കേസ്; ഭാര്യ പിടിയില്‍

പാലക്കാട്: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ സംഭവത്തില്‍ ഭാര്യ പിടിയില്‍. വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെയാണ് ഭാര്യ ശശികല കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പാലക്കാട് പുതൂര്‍ ഓള്‍ഡ് കോളനിയിലെ സുബ്രഹ്മണ്യന്‍ ഇപ്പോൾ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി 12. 30ഓടെയാണ് സംഭവം നടന്നത്. അന്നേ ദിവസം സുബ്രഹ്മണ്യന്‍ മദ്യപിച്ചാണ് എത്തിയത്. തുടര്‍ന്ന് വീടിന് പുറത്തെ വരാന്തയില്‍ കിടന്നുറങ്ങി. ശശികല ഇളയമകനുമൊത്ത് അകത്തെ മുറിയിലും കിടന്നു. ഉറങ്ങിക്കിടക്കുന്ന തന്റെ മേല്‍ തീ പട‍രുന്നത് അറിഞ്ഞ് ഞെട്ടിയുണ‍ര്‍ന്ന സുബ്രഹ്മണ്യന്‍ നിലവിളിച്ചു. ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേ‍ര്‍ന്ന് തീയണച്ചു.

തുടർന്ന് ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് ശശികലയെ അറസ്റ്റ് ചെയ്തത്.

സ്ഥിരമായി മദ്യപിച്ചെത്തുന്ന സുബ്രഹ്മണ്യന്‍ തന്നെയും മക്കളെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും ഇതാണ് തീക്കൊളുത്താന്‍ കാരണമെന്നും ശശികല പറഞ്ഞു. കൂടാതെ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു.

Related Articles

Latest Articles