എറണാകുളം- ലോഡ്‌ജില്‍ ഒന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ല. ഇതേതുടർന്ന് കൈക്കുഞ്ഞിൻ്റെ മൃതദേഹം എളമക്കര പൊലീസും കൊച്ചി നഗരസഭയും ചേർന്ന് സംസ്കരിക്കാൻ തീരുമാനിച്ചു. പത്ത് ദിവസം മുമ്പാണ് ഒന്നരമാസം പ്രായമായ കുഞ്ഞിനെ കൊച്ചിയിലെ ലോഡ്ജ് മുറിയിൽ വച്ച് അമ്മയുടെ പങ്കാളി കാൽമുട്ട് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. ഇതിന് അമ്മ സാക്ഷിയുമായിരുന്നു.
മൃതദേഹം ഏറ്റെടുക്കാൻ കുഞ്ഞിൻ്റെ അച്ഛനോ അമ്മയുടെ കുടുംബമോ തയ്യാറാകാത്തതിനെ തുടർന്നാണ് നഗരസഭയും പോലീസും സ്വന്തം നിലയ്ക്ക് സംസ്കാര ചടങ്ങുകൾ നടത്താൻ തീരുമാനിച്ചത്. കൊച്ചി പൊതു സ്മശാനത്തിലായിരിക്കും കുഞ്ഞിനെ സംസ്കരിക്കുക. പത്ത് ദിവസമായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികളായ ചേര്‍ത്തല സ്വദേശി അശ്വതി, സുഹൃത്ത് കണ്ണൂര്‍ സ്വദേശി ഷാനിഫ് എന്നിവർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണുള്ളത്. ഒരുമിച്ച് ജീവനിക്കാന്‍ കുഞ്ഞ് തടസമാകുമെന്ന് കരുതി കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു പോലീസ് കണ്ടെത്തൽ. കുഞ്ഞിൻ്റെ അമ്മയും പങ്കാളിയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
കുഞ്ഞിൻ്റെ മരണം ഉറപ്പാക്കാൻ പ്രതികൾ വിവിധ രീതിയിലാണ് പരിശോധന നടത്തിയത്. കുഞ്ഞിൻ്റെ മരണം ഉറപ്പാക്കാൻ ശരീരത്തിൽ കടിച്ച് മുറിവേൽപ്പിച്ചതായും കണ്ടെത്തി.

