മൈനാഗപ്പള്ളിയിലെ കാർ കയറ്റിക്കൊലയിലെ ഒന്നാം പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി. ആള്‍ക്കൂട്ട ആക്രമണം ഭയന്നാണ് കാര്‍ നിര്‍ത്താതിരുന്നതെന്ന പ്രതിയുടെ വാദം തള്ളി നടന്നത് ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിലാണ് അജ്മലിന്‍റെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ തള്ളിയത്. സംസ്ഥാനം മുഴുവന്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ പ്രതികള്‍ ഈ നിലപാട് സ്വീകരിച്ചാലെന്താവും സ്ഥിതി എന്ന് കോടതി ചോദിച്ചു.
കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് കഴിഞ്ഞ ദിവസം കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നൽകിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റമായിരുന്നു പോലീസ് ചുമത്തിയിരുന്നത്.
തിരുവോണദിവസം വൈകുന്നേരം 5.30-നാണ് ആനൂര്‍ക്കാവില്‍ നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. കടയില്‍നിന്ന് സാധനം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് കുഞ്ഞുമോളെയും സഹോദരിയെയും അമിതവേഗതയില്‍ കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ കയറ്റിയിറക്കി നിര്‍ത്താതെ പോകുകയുമായിരുന്നു. ഹംപിന് മുകളിലൂടെ കയറിയിറങ്ങുന്നപോലെയാണ് അജ്മൽ സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയത്.
തിരുവോണ ദിനത്തിൽ അജ്മലും വനിതാ ഡോക്ടറും മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഓണസദ്യ കഴിക്കാന്‍ പോയതായിരുന്നു. ഇവിടെനിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയത്. തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടർ കൊല്ലത്തെ ആശുപത്രിയില്‍ ജോലിക്കെത്തിയശേഷമാണ് അജ്മല്‍ പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം വളര്‍ന്നു. തുടര്‍ന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളായെന്നും പറയപ്പെടുന്നു. കൊല്ലം ഇടക്കുളങ്ങര സ്വദേശിനിയുടെ പേരിലുള്ളതാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍. സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്ത് പോയതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണ്. ചന്ദനക്കടത്ത്, വഞ്ചന, തട്ടിപ്പുകേസുകളിലും മയക്കുമരുന്ന് കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്

