Tuesday, October 13, 2026

മുര്‍ഷിദാബാദ് സംഘർഷം ! 150 പേർ അറസ്റ്റിൽ, മമതാ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി

കൊല്‍ക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ അക്രമ സംഭവങ്ങളിൽ 150 പേര്‍ അറസ്റ്റിലായി. സംഘർഷം രൂക്ഷമാകുന്നതിനിടെ ഇതുവരെ മൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സാംസർഗഞ്ച്, ധൂലിയാൻ, മുർഷിദാബാദ് എന്നിവടങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്ന സംഘർഷ മേഖലകളിൽനിന്ന് ഇതുവരെ പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. സംഘർഷം രൂക്ഷമാകുകയും നിരവധിപേർക്കു പരുക്കേൽക്കുകയും കടകൾ തകർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കച്ചവടക്കാർ അടക്കം ഭീതിയിലാണ്.

കൊല്ലപ്പെട്ടവരിൽ രണ്ടുപേർ അച്ഛനും മകനുമാണ്. ഹരോഗോബിന്ദോ ദാസ്, മകൻ ചന്ദൻ ദാസ് എന്നിവരുടെ മൃതദേഹങ്ങൾ ജാഫ്രാബാദിലെ താമസസ്ഥലത്തുനിന്നാണു കണ്ടെത്തിയത്. നിരവധി മുറിവുകൾ രണ്ടു മൃതദേഹങ്ങളിലുണ്ടായിരുന്നു. വെടിയേറ്റാണ് 21 വയസ്സുകാരനായ ഇജാസ് മോമിൻ കൊല്ലപ്പെട്ടത്.

മുര്‍ഷിദാബാദില്‍ 400 ഓളം വരുന്ന ഹിന്ദുക്കള്‍ വീടുപേക്ഷിച്ചു പോകാൻ നിർബന്ധിതരായതായി ബിജെപിയുടെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആരോപിച്ചു. ആളുകള്‍ മതപരമായ പീഡനം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മുര്‍ഷിദാബാദിലെ ദൂലിയാനില്‍ നിന്ന് 400 ഓളം ഹിന്ദുകള്‍ മതപരമായ പീഡനത്തെ ഭയന്ന് വീടുവിട്ടു. ഇവരെല്ലാം നദികടന്ന് പര്‍ ലാല്‍പുര്‍ ഹൈസ്‌കൂള്‍, മാല്‍ദ, ബൈസ്ണബ്‌നഗര്‍, ദേവ്‌നാപുര്‍-സോലാപുര്‍ ജിപി എന്നിവിടങ്ങളില്‍ അഭയംതേടി. ബംഗാളിലെ മതപീഡനം യാഥാര്‍ത്ഥ്യമാണ്. ഹിന്ദുകള്‍ വേട്ടയാടപ്പെടുകയാണ്. നമ്മുടെ ജനങ്ങള്‍ സ്വന്തം നാട്ടില്‍ ജീവനുവേണ്ടി ഓടുകയാണ്’, സുവേന്ദു അധികാരി എക്‌സില്‍ കുറിച്ചു.

അക്രമം രൂക്ഷമായ മേഖലകളില്‍ അര്‍ധസൈനിക സേനയെ വിന്യസിക്കാന്‍ കൊൽക്കത്ത ശനിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. അക്രമസംഭവത്തേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മമത സര്‍ക്കാരിനോടും കേന്ദ്രത്തോടും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് വാദം കേള്‍ക്കല്‍ ഏപ്രില്‍ 17-ന് നടക്കും. ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, രാജാ ബസു ചൗധരി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചിന് രൂപം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles