Monday, May 13, 2024
spot_img

മിന്ത്രയുടെ ലോഗോ മാറ്റി; കാരണം ഞെട്ടിപ്പിക്കുന്നത് …

ദില്ലി: പ്രമുഖ ഓൺലൈൻ വസ്ത്ര വ്യാപാര കമ്പനിയായ മിന്ത്ര ലോഗോ മാറ്റി. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് നിലവിലെ ലോഗോ എന്ന പരാതിയെ തുടര്‍ന്നാണ് മിന്ത്രയുടെ തീരുമാനം. സ്ത്രീകളെ ആക്ഷേപിക്കുന്നതാണു ലോഗോയെന്ന പരാതിയുമായി മുംബൈ സൈബർ പൊലീസിനു മുന്നിലെത്തിയത് അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേൽ ആണ്.

സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കിൽ ഇത്തരത്തിൽ അപമാനകരമായ ലോഗോ ഉപയോഗിക്കുന്നതിനു മിന്ത്രയ്ക്കെതിരെ നടപടിയെടുക്കണമെന്നും നാസ് പട്ടേൽ പരാതിയിൽ ആവശ്യപ്പെട്ടു.

കമ്പനിയുടെ പേരിന്റെ ഇംഗ്ലീഷ്​ അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമായ ‘എം’ പ്രത്യേക നിറങ്ങള്‍ ഉപയോഗിച്ച്‌ ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗാ. നഗ്​നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുന്നതാണ്​ ലോഗോയെന്നാണ് പട്ടേൽ ഉയര്‍ത്തിയ വിമര്‍ശനം. പരാതിയുടെ അടിസ്ഥാനത്തില്‍ മിന്ത്ര പ്രതിനിധികളുമായി യോഗം വിളിച്ചിരുന്നുവെന്നും ലോഗോ മാറ്റാന്‍ കമ്പനി സമ്മതം അറിയിച്ചുവെന്നും മുംബൈ സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മീഷ്ണര്‍ രശ്മി കരന്ദികര്‍ അറിയിച്ചു.

നിലവില്‍ വെബ്‌സൈറ്റ് ലോഗോയില്‍ കമ്പനി മാറ്റംവരുത്തിയിട്ടുണ്ട്. മൊബൈല്‍ ആപ്പ്, പാക്കിങ് മെറ്റീരിയല്‍ ഉള്‍പ്പെടെയുള്ള മിന്ത്രയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേയും ലോഗോയില്‍ ഉടന്‍ മാറ്റംവരുത്തുമെന്നാണ് സൂചന. 2007ല്‍ ബംഗളൂരു ആസ്​ഥാനമായാണ്​ ഫാഷന്‍, ഇ-കൊമേഴ്​സ്​ കമ്ബനിയായ മിന്ത്ര സ്ഥാപിക്കപ്പെട്ടത്​.

Related Articles

Latest Articles