Sunday, May 5, 2024
spot_img

നാഗപ്രീതി വരുത്താന്‍ നാഗപഞ്ചമി വ്രതം

തിരുവന്തപുരം: ഇന്ന് നാഗപഞ്ചമി .ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തില്‍ വരുന്ന പഞ്ചമിയാണ് നാഗപഞ്ചമി. പാമ്പുകളെ പ്രീതിപ്പെടുത്തുന്നതിനായി രാജ്യത്തെ ഹൈന്ദവര്‍ ‍ കൊണ്ടാടുന്ന ഉത്സവമാണ് നാഗപഞ്ചമി. ആസ്തികമുനി നാഗരക്ഷചെയ്തത് നാഗപഞ്ചമിക്കാണെന്നും അന്ന് പൂജ നടത്തിയാല്‍ നാഗങ്ങള്‍ അത്യധികം ആഹ്ളാദിക്കുമെന്നും പുരാണങ്ങള്‍ പറയുന്നു.ജാതകത്തില്‍ സര്‍പ്പദോഷം കണ്ടെത്തിയാല്‍ അത് വിവാഹം മുടങ്ങുന്നതിനും സന്താനങ്ങള്‍ ഇല്ലാതിരിക്കുന്നതിനും കാരണമാകുമെന്നാണ് വിശ്വാസം.ഈ അവസ്ഥയിലാണ് നല്ല ഭാവി മുന്നില്‍ കണ്ട് ഭക്തര്‍ ക്ഷേത്രങ്ങളില്‍ നാഗാരാധന നടത്തിവരുന്നത്.

കാളിയ സര്‍പ്പത്തിനു മേല്‍ ശ്രീകൃഷ്ണന്‍ നേടിയ വിജയത്തിന്‍റെ അനുസ്മരണമായും ഈ ദിനം കൊണ്ടാടുന്നു.ആസ്തിക മുനി നാഗരക്ഷ ചെയ്തത് ഈ ദിനത്തിലാണെന്ന് വിശ്വാസികള്‍ കരുതുന്നു. പൂര്‍ണ്ണമായും ഉപവസിച്ച് നാഗ തീര്‍ത്ഥത്തിലോ, നദികളിലോ സ്നാനം ചെയ്ത് നാഗങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മാളങ്ങള്‍ക്ക് മുന്നില്‍ നൂറും പാലും സമര്‍പ്പിക്കുന്നു. പഞ്ചമി ദിവസം നാഗങ്ങളെ പാലില്‍ കുളിപ്പിക്കുന്നവര്‍ക്ക് അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും കരഗതമാകും.നാഗപഞ്ചമി ദിവസം പാലഭിഷേകം, പാല്‍നിവേദ്യം എന്നിവ നടത്തിവരുന്ന ഗൃഹങ്ങളില്‍ സര്‍പ്പഭയമുണ്ടാവില്ല എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനോടനുബന്ധിച്ച് സർപ്പക്കാവിലും മറ്റും ‘നൂറും പാലും’ നിവേദിക്കുന്ന ചടങ്ങും നടത്താറുണ്ട്.

സംസ്ഥാനത്ത് പൊതുവെ ആമേട,പാന്പുമേല്‍ക്കാവ്,മണ്ണാറശ്ശാല,തുടങ്ങിയ ഇടങ്ങളാണ് നാഗാരാധനയ്ക്ക് പ്രസിദ്ധം.കാസര്‍ഗോ‍ഡും കോട്ടയത്തും ഗൗഢസാരസ്വത ബ്രാഹ്മണര്‍ എല്ലാ വിധ ആചാരങ്ങളോടു കൂടി നാഗപഞ്ചമി ആഘോഷിക്കുന്നു. നാഗപഞ്ചമി ദിവസം പാമ്പുകളെ കൊല്ലാറില്ല. ചില പ്രദേശങ്ങളിൽ പാമ്പുകളെ പിടികൂടി കുടത്തിലിട്ടടച്ച് ആഘോഷദിവസം തുറന്നു വിടുന്ന പതിവുമുണ്ട്. സ്ത്രീകളും കുട്ടികളും പ്രത്യേക പാട്ടുകൾ പാടുകയും പതിവാണ്.സർപ്പക്കാവുകളിൽ കാണപ്പെടുന്ന സര്‍പ്പപുറ്റിലെ മണ്ണ്, ചാണകം, ഗോമൂത്രം, പാല്, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ് കൊണ്ട് നിവേദ്യം അർപ്പിക്കുന്നതും ഭിത്തിയിലോ നിലത്തോ മെഴുകി അരിമാവില്‍ മഞ്ഞള്‍ കലക്കി വേപ്പിന്‍ കമ്പുകൊണ്ട് നാഗരൂപങ്ങള്‍ വരച്ചു വയ്ക്കുന്നതും നാഗപഞ്ചമി അനുബന്ധ ആചാരങ്ങളിൽ പ്രധാനപ്പെട്ടതാണ്.കഴിയാവുന്നത്ര തവണ നവനാഗസ്തോത്രം ജപിക്കുന്നത് സർപ്പപ്രീതിക്ക്‌ ഉത്തമമാണ്.

Related Articles

Latest Articles