രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിക്കുകയായിരുന്നു. ഒരൊറ്റ ദിവസംകൊണ്ട് നാല്‍പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയില്‍ പൊലിഞ്ഞത്. ജപ്പാന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വര്‍ഷിച്ച വര്‍ഷം മാത്രയില്‍ 80,000-ലേറെ ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പതിന്മടങ്ങ് ആളുകള്‍ ദുരന്തത്തിന്‍റെ കെടുതികള്‍ ഇന്നും അനുഭവിക്കുന്നു.
ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16-ാം നൂറ്റാണ്ടുമുതല്‍ 19-ാം നൂറ്റാണ്ടുവരെ ഈ നഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു. ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയല്‍ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം.
ഏഴരപതിറ്റാണ്ടായെങ്കിലും അണുബോംബിന്‍റെ ബാക്കിപത്രമായി ഇന്നും ആയിരക്കണക്കിനാളുകള്‍ വിലാംഗരായും മാരകരോഗങ്ങളെ വഹിച്ചും നാഗസാക്കിയില്‍ കഴിയുന്നു.സഡാക്കോ സസാക്കിമാരും ഹിബാകുഷകളും ലോകത്ത് ഇനിയും ഉണ്ടാവാതിരിക്കണമെങ്കില്‍ അണുവികിരണമുണ്ടാക്കുന്ന എല്ലാ പ്രവര്‍ത്തനവും അവസാനിപ്പിക്കണം. ലോകത്തെ പല പ്രാവശ്യം നശിപ്പിക്കാനുള്ള അണുവായുധങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ളവര്‍ അവ നിര്‍വീര്യമാക്കുകയും പുതിയവ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും വേണം. ആണവ മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് സുരക്ഷിതമായ മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആണവ നിലയങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്.
ആറ്റം ബോംബ് സ്‌ഫോടനത്തിന്‍റെ ഇരകളായി ജപ്പാനില്‍ കഴിയുന്ന ഹിബാകുഷകള്‍ ഇന്നും കാന്‍സറും ജനിതക വൈകല്യങ്ങളുമായി കഴിയുകയാണ്. ജപ്പാനിലെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ ഇവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ലത്രെ. 74 കൊല്ലത്തിനുശേഷം ഇപ്പോഴും പിറന്നുവീഴുന്ന കുട്ടികളിലധികവും അംഗവൈകല്യമുളളവരാണ്. കഴിഞ്ഞവര്‍ഷം വരെ ഏകദേശം അഞ്ച് ലക്ഷത്തോളം ഹിബാകുഷകളെയാണ് ജാപ്പനീസ് ഗവണ്‍മെന്‍റ് കണ്ടെത്തിയത്. അണുവികിരണം ജനിതകവ്യതിയാനം വരുത്തുന്നതിനാല്‍ ഇനിയും എത്രയോ തലമുറകള്‍ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.
1945 ഓഗസ്റ്റ് ഒന്‍പതിനാണ് നാഗസാക്കിയുടെ സ്വതേയുള്ള ശാന്തത ഭേദിച്ച് അമേരിക്കയുടെ ബോക്സ്കാര്‍ എന്ന കൊലയാളി വിമാനം ‘ഫാറ്റ്മാന്’‘ എന്ന പ്ലൂട്ടോണിയം ബോംബുമായി നാഗസാക്കിക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ടത്. കൃത്യം 11.02 ന് മനുഷ്യക്രൂരതയുടെ പൂര്‍ണ രൂപമായി അമേരിക്കയുടെ ബോക്സ്കാര്‍ വിമാനം നാഗസാക്കിക്കുമേല്‍ അണുബോംബ് വര്‍ഷിച്ചു. അന്ന് തൊട്ട് ഇന്നോളം നാഗസാക്കി ലോകമനസാക്ഷിയുടെ നെഞ്ചില്‍ ഒരു നീറ്റലായി എരിയുന്നു.

