Saturday, May 18, 2024
spot_img

നഗ്നത കാണാവുന്ന കണ്ണട ! വില ഒരു കോടി രൂപ;ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളികൾ ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍

ചെന്നൈ : നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക് എന്ന പരസ്യം സമൂഹ മാദ്ധ്യമങ്ങളിൽ നൽകി തട്ടിപ്പു നടത്തിയ സംഘം പിടിയിൽ. മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘത്തെയാണ് കോയമ്പേടുള്ള ലോഡ്ജില്‍ നിന്നും പൊലീസ് പിടികൂടിയത്. തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

നാലംഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യിൽനിന്ന് ആറു ലക്ഷം രൂപ കവർന്നുവെന്ന ചെന്നൈ സ്വദേശിയുടെ പരാതിയിലാണ് സംഘം പിടിയിലാകുന്നത്. ഇവർ താമസിച്ചിരുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ‍്ജിലെത്തി പൊലീസ് പരിശോധന നടത്തുകയും ഇവരിൽനിന്ന് കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട ഉൾപ്പെടെ നിരവധി സാമഗ്രികൾ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് വൻ തട്ടിപ്പിന്റെ ചുരുളഴിയുന്നത്.

നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കുണ്ടെന്ന പേരിൽ ഇവർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകി. ഒരു കോടി രൂപ വിലമതിക്കുന്ന കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. കണ്ണട വാങ്ങാൻ തയാറാകുന്ന ആളുകളെ ഇവർ താമസിക്കുന്ന ഹോട്ടലിലേക്കു വിളിച്ചുവരുത്തും. പരീക്ഷിക്കാനായി ഒരു കണ്ണട നൽകും. എന്നാൽ ഇവർ നൽകുന്ന സാധാരണ കണ്ണട ഇവർ അവകാശപ്പെടുന്നത് പോലെ പ്രവർത്തിക്കില്ല . തുടർന്ന് ഇവർ കണ്ണട തിരിച്ചുവാങ്ങി നന്നാക്കുന്നുവെന്ന വ്യാജേന നിലത്തിട്ടു പൊട്ടിക്കും.

ഇതോടെ കണ്ണടയുടെ വിലയായ ഒരു കോടി രൂപ ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നതോടെ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇവരുടെ സംഘത്തിലെ രണ്ടു പേർ പൊലീസ് വേഷം ധരിച്ച് തോക്കുമായി പുറത്തു കാത്തുനിൽക്കുന്നുണ്ടാകും. കൃത്യ സമയത്ത് ഇവർ റൂമിലേക്കു കടന്നുവരും. വൻ തുക മുടക്കി നഗ്നത കാണാൻ തയാറായ ആളുകളെ ഇവർ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. ഒടുവിൽ ഇരകൾ പണം നൽകി രക്ഷപ്പെടും.

മാനഹാനി ഭയന്ന് ഇരകൾ പൊലീസിൽ പരാതിപ്പെടില്ലെന്ന അമിത വിശ്വാസത്തിലാണ് ഇവർ തുടർച്ചയായി തട്ടിപ്പുകൾ നടത്തിയിരുന്നത്.

Related Articles

Latest Articles