ലോക വിപണിയില്‍ ഏറെ പ്രാധാന്യമുളള ഒരു ഭക്ഷ്യ ഉത്പന്നമാണ് നാറ്റാ ഡി കോക്കോ. പാഴായി പോകുന്ന നാളികേര വെളളത്തില്‍ നിന്നും വളരെ എളുപ്പം നാറ്റാ ഡി കോക്കോ നിര്‍മിക്കാന്‍ സാധിക്കും. നാളികേര വെളളത്തില്‍ നിന്നും വിനഗര്‍, കോക്കനട്ട് ഹണി എന്നിവയുടെ ഉത്പാദനത്തെ കുറിച്ച് മാത്രമാണ് നമുക്ക് അറിയുകയുളളൂ.
ഡയബറ്റീസ്, കൊറോണറി ഹാര്‍ട്ട് ഡിസീസസ്, കോണ്‍സ്റ്റിപേഷന്‍, അപ്പെന്റിസൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ ഏറ്റവും ഫലപ്രദമായ ഒരു ഉത്പന്നം കൂടിയാണിത്. പ്രോട്ടീന്‍, വൈറ്റമിന്‍ ബി1, ബി2,സി, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയവയാല്‍ സമ്പന്നമാണ് നാറ്റാ ഡി കോക്കോ.
പൂര്‍ണമായും നാരുകളടങ്ങിയ ഭക്ഷണം നേരിട്ടും ഐസ്‌ക്രീം, യോഗര്‍ട്ട്, ഫ്രൂട്ട് സാലഡ് എന്നിവയിലെ ചേരുവയായും നാറ്റാ ഡി കോക്കോ ഉപയോഗിക്കുന്നു. ഉപഭോക്താക്കള്‍ ഏറെയുണ്ടെങ്കിലും ഉത്പാദകരുടെയും നാറ്റാ ഡി കൊക്കോയുടെ അഭാവവുമാണ് ഈ രംഗത്ത് നിലവിലുളള പ്രശ്‌നം.
ഉത്പാദന രീതി
കൊപ്രകളില്‍ നിന്നും ശേഖരിക്കുന്ന നാളികേര വെളളം അരിച്ചെടുത്ത ശേഷം മദര്‍ കള്‍ച്ചര്‍ ചേര്‍ത്ത് പ്ലാസ്റ്റിക് ട്രേകളില്‍ മൂടി സൂക്ഷിക്കുന്നു. 15 ദിവസം കഴിയുമ്പോള്‍ ട്രേകളില്‍ സെല്ലുലോസുകള്‍ രൂപപ്പെട്ട് തുടങ്ങും. വളര്‍ച്ചയെത്തിയ സെല്ലുലോസുകളെ പച്ചവെളളത്തില്‍ കഴുകി ശുദ്ധീകരിക്കുന്നു. പിന്നീട് പുളിപ്പ് പൂര്‍ണമായും നീക്കാന്‍ ദിവസം മുഴുവന്‍ ശുദ്ധ ജലത്തില്‍ മുക്കിവെക്കുന്നു. തുടര്‍ന്ന് ലഭിക്കുന്ന നാറ്റാ ഡി കോക്കോയെ ജെല്ലിയായും ജ്യൂസായും വീണ്ടും മൂല്യവര്‍ധനവിന് വിധേയമാക്കാം. കയറ്റുമതിയേക്കാള്‍ നാട്ടില്‍ തന്നെ വിപണി കണ്ടെത്താന്‍ കഴിയുന്ന ഉത്പന്നമാണ് നാറ്റാ ഡി കോക്കോ.

