ഭോപ്പാൽ: ഇംഗ്ലീഷ് ഭാഷയോടുള്ള അഭിനിവേശം കാരണം ജനങ്ങളുടെ കഴിവിന്റെ 5 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാഷാഭേദമില്ലാതെ മുഴുവൻ കഴിവും ഉപയോഗിക്കാനായാൽ ഇന്ത്യ സൂര്യനെ പോലെ ജ്വലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിൽ ന്യൂ എഡ്യൂക്കേഷൻ പോളിസി 2020 എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് തനിക്കെതിരെ നിരവധി പരാതികൾ അടിച്ചേൽപ്പിച്ചു. കോടതിയിൽ അതിനെതിരെയെല്ലാം പോരാടി. ഒരുപാട് മികച്ച അഭിഭാഷകരുണ്ടായിരുന്നു, അവർ വിദഗ്ധമായി കേസുകൾ വാദിക്കുന്നത് കണ്ടു. പ്രാദേശിക കോടതികളിലെ അഭിഭാഷകർ കേസുകൾ വാദിക്കുന്നത് ആ സമയത്ത് കണ്ടു. നിയമത്തിലെ പ്രാവീണ്യത്തിന്റെ കാര്യത്തിൽ അവർ സുപ്രീംകോടതി, ഹൈക്കോടതി അഭിഭാഷകരേക്കാളും മുന്നിലായിരുന്നുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
മാതൃഭാഷകളിൽ പഠനം നടത്തുന്ന 95 ശതമാനം കുട്ടികളുടെയും കഴിവുകൾ ഉപയോഗിക്കപ്പെടാത്തതിനാൽ രാജ്യത്തിന്റെ വികസന മുന്നേറ്റം പരിമിതപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ കഴിവുകൾ ഉപയോഗിക്കപ്പെടുന്ന ദിവസം രാജ്യം സൂര്യനെ പോലെ ജ്വലിക്കും. അവരുടെ അഞ്ച് ശതമാനം കഴിവ് ഉപയോഗപ്പെടുത്തിയിട്ട് തന്നെ രാജ്യം ആഗോളതലത്തിൽ പല മേഖലകളിലും മുന്നിലാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

