Thursday, March 28, 2024
spot_img

‘പഴങ്ങളുടെ രാജാവിന്റെ ദിനം’ ; ഓർത്തെടുക്കാം നാവിൽ കൊതിയൂറും മാമ്പഴവും, ഗൃഹാതുരത്വം നിറയുന്ന മാമ്പഴക്കാലവും….

ഇന്ന് ദേശീയ മാമ്പഴ ദിനമാണ്. എല്ലാ വര്‍ഷവും ജൂലൈ 22 ഇന്ത്യയില്‍ ദേശീയ മാമ്പഴ ദിനമായി ആചരിക്കുന്നു. പഴങ്ങളുടെ രാജാവാണ് മാമ്പഴം, മാത്രമല്ല നമ്മുടെ ഇന്ത്യയുടെ ദേശീയ ഫലവുമാണ്. നമ്മുടെ നാടന്‍ മാവുകളെയും വൈവിധ്യമേറിയ മാമ്പഴങ്ങളേയും സംരക്ഷിച്ചു നിര്‍ത്തണമെന്ന് ഓർമിപ്പിക്കുന്ന ദിനം. മാവുകൾ വെറും മരങ്ങൾ അല്ല,, ബുദ്ധൻ ധ്യാനിച്ചത് മാവുകളുടെ ചുവട്ടിലാണ്. പോർച്ചുഗീസുകാർ മാംഗോ എന്ന പേരു കണ്ടെത്തിയത് പോലും മാങ്ങയിൽ നിന്നാണ്. 4000 വർഷത്തെ ചരിത്രമുണ്ട് ഇന്ത്യയിലെ മാവുകൾക്കും മാമ്പഴങ്ങൾക്കും.പണ്ടുമുതലേ മാമ്പഴത്തിന് ആരാധകര്‍ ഏറെയാണ്. വളരെ രുചികരമായ പഴമാണിതെന്ന് ആരോടും പറയേണ്ട കാര്യവുമില്ല. ആരാധകരുടെ പ്രിയപ്പെട്ട പഴമായി കണക്കാക്കപ്പെടുന്ന മാമ്പഴം ഏതാണ്ട് 5000 കൊല്ലങ്ങള്‍ക്ക് മുൻപ് തന്നെ ആളുകള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. മാങ്ങയുടെ ജനപ്രീതിയും അതിനോടുള്ള ആള്‍ക്കാരുടെ താല്പര്യവും കണക്കിലെടുക്കുമ്പോൾ, ഈ രുചികരമായ പഴത്തിന് സ്വന്തമായി ഒരു ദിവസം ലഭിക്കുകയെന്നത് ഏറ്റവും ഉചിതമായ കാര്യം തന്നെയാണ്‌.

നമുക്കെല്ലാവര്‍ക്കും ഈ മാമ്പഴദിനത്തിൽ ഗൃഹാതുരതയുടെ മാവിന്‍ചില്ലകളില്‍ ഒരിക്കല്‍ കൂടെ കയറി നോക്കാം.
വൈലോപ്പിള്ളിയുടെ മാമ്പഴത്തെ കുറിച്ച് പറയാതെ എങ്ങിനെയാണ് മാവിനെ കുറിച്ചും മാമ്പഴത്തെ കുറിച്ചും
വര്‍ണ്ണിക്കാനാവുക.
“അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലു മാസത്തിന്‍ മുന്‍പിലേറെ നാള്‍
കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ”

കേട്ടാലും കേട്ടാലും മതിവരാത്ത കവിത. മാവും മാഞ്ചോടും മാമ്പഴവുമെല്ലാം കേവലമൊരു ഗൃഹാതുരത മാത്രമല്ലല്ലോ. വൈലോപ്പിള്ളി കവിതയില്‍ സൂചിപ്പിച്ചതു പോലെ, ഒരുകാലത്ത് നാമൊക്കെ എത്ര വലിയ കുസൃതിക്കുരുന്നുകളായിരുന്നു. അന്നൊക്കെ അറിയാതെ പൂങ്കുല തല്ലിക്കൊഴിച്ചപ്പോഴൊക്കെ അമ്മമാര്‍ വഴക്കു പറഞ്ഞിരുന്നു. അത് കേട്ട് ഉണ്ണികള്‍ പിണങ്ങിപ്പോയിട്ടുമുണ്ട്. അതൊന്നും ഓര്‍ക്കാതെ, വളര്‍ന്നു വലുതാകുമ്പോള്‍ നാം മാവുകള്‍ തന്നെ മുറിച്ചു മാറ്റുകയല്ലേ. പല തലമുറകള്‍ക്കൊപ്പം നൂറ്റാണ്ടുകളോളം ജീവിച്ച് മാമ്പഴം പൊഴിക്കേണ്ട മാവുകളെ വെട്ടിക്കളയുന്നത് വൈലോപ്പിള്ളി ചോദിച്ചതു പോലെ തല്ലുകൊള്ളാഞ്ഞിട്ടല്ലേ..?

ഇനി അടുത്തോരു കാര്യം, മറ്റുകാര്യങ്ങളില്‍ വ്യത്യസ്ത അഭിരുചികളുള്ള ആള്‍ക്കാര്‍ ആണെങ്കില്‍ പോലും മാമ്പഴത്തിന്റെ കാര്യത്തില്‍ നാമെല്ലാവരും ഒറ്റക്കെട്ടാണ്. മാമ്പഴം നമ്മുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഇത് ‘പഴങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്നതു തന്നെ. ലോകമെമ്പാടുമുള്ള മാമ്പഴങ്ങളെക്കുറിച്ച്‌ മാമ്പഴപ്രേമികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. എന്നാല്‍ മാങ്ങകളില്‍ ഏറ്റവും വിലയേറിയ ഇനം ഏതാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രാജ്യമെമ്പാടും ഇന്ന് ദേശീയ മാമ്പഴദിനമായി ആഘോഷിക്കുമ്പോൾ ഏറ്റവും വിലയേറിയ മാമ്പഴം ഏതാണെന്ന് നമുക്ക് നോക്കാം.

മിയസാക്കി മാമ്പഴം എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം ഇനമാണ് ഏറ്റവും വിലയേറിയ മാമ്പഴം. ഇതിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ കിലോഗ്രാമിന് 2.70 ലക്ഷം രൂപയാണ്. മിയസാക്കി മാമ്പഴം സൂര്യന്റെ മുട്ട എന്നും അറിയപ്പെടുന്നു.

മിയസാക്കി മാമ്ബഴങ്ങള്‍ ജപ്പാനിലാണ്‌ ഉണ്ടാകുന്നത്. പ്രധാനമായും ഈ മാമ്പഴം വിളവെടുക്കുന്ന മിയസാക്കി നഗരത്തിന്റെ പേരിലാണ് ഇവ അറിയപ്പെടുന്നതുതന്നെ. ഓരോ മിയസാക്കി മാങ്ങയ്ക്കും ഏതാണ്ട് 350 ഗ്രാം ഭാരം വരും, ചുവപ്പ് നിറത്തിലുള്ള അവയെ കാണാന്‍ നല്ല ഭംഗിയാണ്. കാഴ്ചയില്‍ ഇത് ഒരു ദിനോസറിന്റെ മുട്ടയോട് സാമ്യമുള്ളതാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ വളരുന്ന മഞ്ഞ ‘പെലിക്കന്‍ മാമ്പഴ’ത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രത്യേക തരം ‘ഇര്‍വിന്‍’ മാമ്പഴമാണിത്. തീഷ്ണമായ കടും ചുവപ്പ് നിറം കാരണം മിയസാക്കി മാമ്പഴങ്ങള്‍ ഡ്രാഗണ്‍ മുട്ടകള്‍ എന്നും അറിയപ്പെടുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles