Thursday, May 16, 2024
spot_img

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഹരിയാനയ്ക്ക്

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്ക്ക് കിരീടം. മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യെ തകര്‍ത്താണ് ഹരിയാന ജേതാക്കളായത്. ഹരിയാനയുടെ രണ്ടാം കിരീടമാണിത്. 2013ലായിരുന്നു ഹരിയാനയുടെ ആദ്യകിരീടധാരണം. കളിയിലുടനീളം സായിക്കെതിരെ ഹരിയാന മേധാവിത്വം പുലർത്തി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ ഹരിയാനയ്ക്ക് കിരീടനേട്ടം മധുരപ്രതികാരമാണ്.

അതേസമയം ലൂസേഴ്‌സ് ഫൈനലിലെ വാശിയേറിയ മത്സരത്തില്‍ മഹാരാഷ്ട്രയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ച് മധ്യപ്രദേശ് ഹോക്കി അക്കാദമി മൂന്നാം സ്ഥാനം നേടി.രണ്ടാം ക്വാര്‍ട്ടര്‍ വരെ 1-0ന് മുന്നില്‍ നിന്ന മഹാരാഷ്ട്രയെ മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ സ്‌കോര്‍ ചെയ്താണ് മധ്യപ്രദേശ് ഹോക്കി അക്കാദമി ഞെട്ടിച്ചത്. നാലാം ക്വാര്‍ട്ടറില്‍ സമനിലഗോള്‍ നേടാനുള്ള മഹാരാഷ്ട്രയുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ല.

ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ മഹാരാഷ്ട്രയുടെ റുതുജ ദാദാസോ പിസാലാണ്. 8 ഗോളുകളുമായി ഹരിയാനയുടെ ദീപികയാണ് രണ്ടാം സ്ഥാനത്ത്. ടൂര്‍ണമെന്റില്‍ ആകെ പത്ത് ഗോളുകളാണ് റിതുജ ദാദാസോ പിസാല്‍ സ്‌കോര്‍ ചെയ്തത്. ടീം ഗോള്‍ സ്‌കോറിംഗില്‍ ഹരിയാനയാണ് ഒന്നാമതെത്തിയത്.19 ഫീല്‍ഡ് ഗോളുകളും 12 പെനാല്‍ട്ടികോര്‍ണര്‍ ഗോളുകളും മൂന്ന് പെനാല്‍ട്ടിസ്‌ട്രോക്ക് ഗോളുകളും ഉള്‍പ്പെടെ ആകെ 34 ഗോളുകളാണ് ടൂര്‍ണമെന്റില്‍ ഹരിയാന സ്‌കോര്‍ ചെയ്തത്.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതാരവും പ്രതിരോധനിരതാരവും ഹരിയാനയുടെ മഹിമ ചൗധരിയാണ്. മികച്ച മുന്നേറ്റനിരതാരത്തിനുള്ള ബഹുമതി മഹാരാഷ്ട്രയുടെ റുതുജ പിസാലിന് ലഭിച്ചു.മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെ ഗരിബം ബിച്ചു ദേവിയാണ് മികച്ച ഗോള്‍കീപ്പര്‍. ജേതാക്കള്‍ക്കും റണ്ണേഴ്‌സിനും മൂന്നാം സ്ഥാനക്കാര്‍ക്കുമുള്ള ട്രോഫികള്‍ മേയര്‍ ഹണി ബെഞ്ചമിന്‍ സമ്മാനിച്ചു. ടീമംഗങ്ങള്‍ക്കുള്ള മെഡലുകള്‍ കേരള ഹോക്കി സെക്രട്ടറി ആര്‍ അയ്യപ്പന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. വിനോദ് ലാല്‍, ഹോക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രേണുക ലക്ഷ്മി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ രാമഭദ്രന്‍, തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സുധീര്‍,ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ കണ്‍വീനര്‍ ആര്‍ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. കേരള ഹോക്കി പ്രസിഡന്റ് വി സുനില്‍കുമാര്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ സി ടി സോജി നന്ദിയും പറഞ്ഞു.

Related Articles

Latest Articles