പത്തനംതിട്ട : പരുത്തിപ്പാറയിൽ ഒന്നര വർഷം മുൻപു കാണാതായശേഷം ഇന്നു തൊടുപുഴയിൽ നിന്ന് കണ്ടെത്തിയ പത്തനംതിട്ട കലഞ്ഞൂർ പാടം, വണ്ടണിപടിഞ്ഞാറ്റേതിൽ നൗഷാദിനെ ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് അതിക്രൂരമായി മർദിച്ചെന്ന് പോലീസ് വ്യക്തമാക്കി . മർദനം നടന്ന ഈ ദിവസത്തിന് ശേഷമാണ് നൗഷാദിനെ കാണാതായത്. മർദനത്തെ തുടർന്ന് അവശനിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഭാര്യയും സുഹൃത്തുക്കളും അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വാടകവീട്ടിൽ നിന്നു പുറത്ത് പോവുകയായിരുന്നു. നൗഷാദ് മരിച്ചെന്നു കരുതിയാകാം ഇവർ ഉപേക്ഷിച്ചു പോയതെന്നാണ് കരുതുന്നത്. എന്നാൽ അവശനിലയിലായ നൗഷാദ്, പിറ്റേദിവസം രാവിലെ നാട് വിടുകയായിരുന്നു.
നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയതായി അഫ്സാന നൽകിയ മൊഴിയെത്തുടർന്ന് പരുത്തിപ്പാറയിലെ വാടകവീട്ടിലും പറമ്പിലും സമീപത്തെ സെമിത്തേരിയിലും ഇന്നലെ പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനായില്ല. ഇവരുടെ മൊഴിയെത്തുടർന്ന് ശുചിമുറിയുടെ മാലിന്യക്കുഴിയുടെ സ്ലാബ് മാറ്റിയും മഴക്കുഴികളിലും വരെ ഫൊറൻസിക് സംഘം ഉൾപ്പെടെ പരിശോധിച്ചു. ഇതിനിടെയിലാണ് ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാവിലെ നൗഷാദിനെ കണ്ടെത്തിയത്.
അറസ്റ്റിലായ അഫ്സാനയ്ക്കെതിരെ എടുത്ത കേസിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ജാമ്യത്തെ എതിർക്കില്ലെങ്കിലും പോലീസിനെ കബളിപ്പിച്ചെന്ന കേസുമായി പോലീസ് മുന്നോട്ടു പോകും

