Monday, May 13, 2024
spot_img

എന്തൊരു പ്രാസഭംഗി ! പി ജയരാജന്റെ കൊലവിളി പ്രാസഭംഗിയെന്ന വിചിത്രവാദവുമായി ഇ പി ജയരാജൻ

കണ്ണൂർ: പി ജയരാജന്റെ വിവാദ പ്രസ്താവന ഭാഷാചാതുര്യത്തിന്റെ ഭാഗമെന്ന വിചിത്രവാദവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്ത് വന്നു. പ്രസംഗം ഭീഷണിയായി കാണേണ്ടതില്ലെന്നും പ്രാസംഗികനെന്ന നിലയിൽ ഒരു പ്രയോഗം മാത്രമാണ് പി. ജയരാജൻ നടത്തിയതെന്നുമാണ് ഇ.പി. ജയരാജൻ പറഞ്ഞത്.

“കൈവെട്ടും കൊല്ലും എന്ന് യുവമോർച്ച പരസ്യമായി പ്രസ്താവന നടത്തിയപ്പോൾ ഉള്ള പ്രതികരണമാണ് അത്. പി ജയരാജൻ നടത്തിയത് പ്രയോഗമാണ്, അത് ഭാഷാചാതുര്യത്തിൽ ഭാഗമാണ്. യുവമോർച്ചയുടെ പ്രഖ്യാപനം മോർച്ചറിയിലായിരിക്കും എന്നത് ഭാഷാ ഭംഗി ഉപയോഗിച്ചു കൊണ്ടുള്ള പ്രയോഗം മാത്രമായിരുന്നു. യുവമോർച്ചയാണല്ലോ, അതുകൊണ്ട് മോർച്ചറി എന്ന പദം അവിടെ ഉപയോഗിച്ചു. പ്രാസംഗികൻ എന്ന നിലയിൽ ഭാഷാ ഭംഗിക്ക് വേണ്ടിയുള്ള പ്രയോഗം മാത്രമാണ് ജയരാജൻ നടത്തിയിട്ടുള്ളൂ” – ഇ.പി. ജയരാജൻ പറഞ്ഞു.

അതേസമയം തലശേരിയിൽ യുവമോർച്ചക്കാർക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് പി.ജയരാജനെതിരെ യുവമോർച്ച, ഇന്നലെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ്, ജയരാജനെതിരെ പരാതി നൽകിയത്. സ്പീക്കർ എ.എൻ. ഷംസീറിനുനേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജന്റെ വിവാദ പരാമർശം.

സേവ് മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ജയരാജൻ വിവാദ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ക്യാംപ് ഓഫിസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയെന്നോണമാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്.

‘‘ഷംസീറിന്റെ നേരെ കയ്യൊങ്ങിക്കഴിഞ്ഞാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്നു നിങ്ങൾ മനസ്സിലാക്കണം. എംഎൽഎയുടെ ഓഫിസിൽ കയറി ഞങ്ങൾ പുറത്തിറക്കും എന്നും ഭീഷണിയുണ്ട്. ആ ഭീഷണിയൊന്നും ഈ നാട്ടിൽ നടപ്പില്ല എന്നു നിങ്ങൾ മനസ്സിലാക്കണം. അതിശക്തമായ ബഹുജന പ്രസ്ഥാനത്തിന്റെ ചെറുത്തുനിൽപ്പുണ്ടാകും’ – ജയരാജൻ പറഞ്ഞതിങ്ങനെയായിരുന്നു.

Related Articles

Latest Articles