Saturday, May 18, 2024
spot_img

കന്നിയാത്രയിൽ തന്നെ നവകേരള ബസിന് പണികിട്ടി! ബസിന്റെ വാതിൽ കേടായി, സർവ്വീസ് ആരംഭിച്ചത് വാതിൽ കെട്ടിവച്ച ശേഷം

കോഴിക്കോട്: കന്നിയാത്രയിൽ തന്നെ നവകേരള ബസിന്റെ ഡോർ കേടായി. ഇതേ തുടർന്ന് കെട്ടിവച്ചാണ് ബസ് യാത്രികരുമായി ബംഗളൂരുവിലേക്ക് പോയത്. ഇന്ന് രാവിലെ നാല് മണിയോടെയായിരുന്നു ഗരുഡ പ്രീമിയം എന്ന പേരിലുള്ള നവകേരള ബസ് കോഴിക്കോട് നിന്നും യാത്ര തിരിച്ചത്. എന്നാൽ യാത്ര തുടങ്ങി അൽപ്പനേരത്തിന് ശേഷം വാതിലിന് തകരാർ സംഭവിക്കുകയായിരുന്നു.

വാതിൽ തനിയെ തുറന്നുവരാൻ തുടങ്ങി. യാത്രികർ ശ്രദ്ധയിൽപ്പെടുത്തിയതോടെ ജീവനക്കാർ ബസ് നിർത്തി ഡോർ ശരിയാക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഡോർ കെട്ടിവയ്ക്കുകയായിരുന്നു. ശേഷം യാത്ര തുടർന്നു. ഇന്ന് രാവിലെ 11.30 ഓടെ ബസ് ബംഗളൂരുവിൽ എത്തുമെന്നാണ് വിവരം. മുക്കാൽ മണിക്കൂർ വൈകിയാണ് ബസ് ഓടുന്നത്. പകൽ 2.30ന് ബെംഗളൂരുവിൽ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും. താമരശ്ശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് സർവീസ്.

യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവുമുണ്ട്. 26 സീറ്റുകളുള്ള ബസിലെ ആദ്യ യാത്രക്കുള്ള ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നൽകണം.

Related Articles

Latest Articles