കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു. നവോത്ഥാന സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്റിലെ 50ല്‍ അധികം സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചു. സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് പിന്‍മാറുന്നതെന്ന് സി.പി സുഗതന്‍ പറഞ്ഞു.
നവോത്ഥാന സമിതിയുടെ രൂപീകരണ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നതാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളര്‍പ്പിനുളള മുഖ്യ കാരണമൈന്നാണ് സൂചന.
ഹിന്ദു സമുദായത്തിലെ നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ 2009ല്‍ രൂപീകരിച്ച ഹിന്ദു പാര്‍ലമെന്റ് ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചിരുന്നില്ല. സി.പി സുഗതന്‍ അടക്കമുളളവര്‍ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങി. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ശബരിമല പ്രക്ഷോഭം ഏറ്റെടുത്തതോടെ എസ്എന്‍ഡിപിക്കും കെപിഎംഎസിനുമൊപ്പം ഹിന്ദു പാര്‍ലമെന്റിനെയും സര്‍ക്കാര്‍ നവോത്ഥാന സമിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ വനിതാ മതിലിലും സംഘടന സജീവമായി. പിന്നീട് നവോത്ഥാന സമിതി സ്ഥിരം സമിതിയാക്കുകയും ജില്ലകള്‍ തോറും കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തതോടെയാണ് സമുദായ സംഘടനകള്‍ തമ്മില്‍ ഭിന്നത രൂക്ഷമായത്.

