Thursday, May 16, 2024
spot_img

കപ്പൽ റാഞ്ചിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെയും മുംബൈയിൽ എത്തിച്ചുവെന്ന് നാവികസേന;വിചാരണ നടപ്പാക്കും

മുംബൈ: എംവി റുവാൻ കപ്പൽ റാഞ്ചിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെയും മുംബൈയിൽ എത്തിച്ചതായി നാവികസേന. യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയിലാണ് ഇവരെ ഇന്ത്യയിൽ എത്തിച്ചത്. ചരക്കുകപ്പൽ മോചിപ്പിച്ചതിന് പിന്നാലെ മുഴുവൻ കടൽക്കൊള്ളക്കാരെയും നാവികസേന കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്ത്യയിലെത്തിച്ച ശേഷം വിചാരണ ചെയ്യുമെന്ന് നാവികസേന നേരത്തെ തന്നെ അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം വിജ്ഞാപനം ചെയ്ത മാരിടൈം ആന്റി പൈറസി ആക്ട് പ്രകാരമാണ് നീക്കം. പിടിക്കപ്പെടുന്ന കടൽക്കൊള്ളക്കാരെ നിരായുധരാക്കുകയും മറ്റ് കപ്പലുകൾക്ക് ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പാക്കി നാടുകടത്തുന്നതുമാണ് സാധാരണ രീതി. എന്നാൽ എംവി റുവാൻ ആക്രമിച്ച കടൽക്കൊള്ളക്കാർ നാവികസേന ഉദ്യോഗസ്ഥർക്ക് നേരെ തിരിച്ച് വെടിവച്ചിരുന്നു. നാവികസേനയുടെ ഒരു ഡ്രോണും കടൽക്കൊള്ളക്കാർ തകർത്തിരുന്നു.

ഇവരെ വിട്ടയച്ചാൽ വീണ്ടും സംഘടിതമായ രീതിയിൽ ആക്രമണം നടത്തുമെന്ന സാധ്യത മുന്നിൽ കണ്ടാണ് ഇവരെ പിടികൂടിയത്. 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് ചരക്കുകപ്പലിനെ കടൽക്കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കാനായത്. കപ്പലിലുണ്ടായിരുന്ന 17 നാവികരേയും രക്ഷപ്പെടുത്തിയിരുന്നു.

Related Articles

Latest Articles