Wednesday, May 1, 2024
spot_img

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെയും ഒരുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു; കുരുക്ക് മുറുക്കി എന്‍സിബി

മുംബൈ: ക്രൂയിസ് ഷിപ്പിലെ ലഹരിപ്പാര്‍ട്ടിയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യാന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെയും ഒരു ദിവസത്തേക്ക് എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. പ്രാഥമിക അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മയക്കുമരുന്ന് വിതരണക്കാരുമായി നിരന്തരം ബന്ധപ്പെട്ട നിരവധി വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രതികളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതായും എന്‍സിബി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ മിന്നല്‍ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. ആര്യനെ കൂടാതെ മുണ്‍മുണ്‍ ധമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നീ പ്രമുഖരും അറസ്റ്റിലായിട്ടുണ്ട്. ഇവരെല്ലാം പ്രമുഖരാണ്.

ആര്യനെതിരെ കേസ് അതിശക്തമാണെന്ന് എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. ആര്യനും മറ്റു പ്രതികള്‍ക്കുമെതിരെ തെളിവുകളുണ്ടെന്ന് നാര്‍ക്കോട്ട്ക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി.

ജാമ്യം അടക്കം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള കേസ് കൂടിയാണിത്. ഇതുവരെ ആര്യന്റെ പ്രതികരണമോ ഷാരൂഖിന്റെ കുടുംബത്തിന്റെ പ്രതികരണമോ വന്നിട്ടില്ല. ഷാരൂഖ് ഖാന്‍ വിദേശത്തെ ഷൂട്ടിംഗ് അടക്കം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന സൂചന. കപ്പലില്‍ നിരോധിത ലഹരി മരുന്നുകളുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍സിബി ഉദ്യോഗസ്ഥരും യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറുകയായിരുന്നു എന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്.

കപ്പല്‍ നടുക്കടലില്‍ എത്തിയതോടെയാണ് എന്‍സിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. എംഡിഎംഎ, കൊക്കെയിന്‍ തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടികൂടിയെന്ന് എന്‍സിബി സംഘം വ്യക്തമാക്കി. ആര്യന്റെ ഫോണ്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ആര്യന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി ആര്യന്‍ മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്യാറുണ്ടെന്നും ഉപയോഗിക്കാറുണ്ടെന്നുമാണ് കണ്ടെത്തൽ.

Related Articles

Latest Articles