Saturday, May 18, 2024
spot_img

ബിഹാറിൽ എൻഡിഎ സർക്കാർ അധികാരമേറ്റു ! മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു !

ബിഹാറിൽ എൻഡിഎ സഖ്യം അധികാരമേറ്റു. ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിജെപി അംഗങ്ങളായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിന്‍ഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും ബിജെപി എംഎൽഎ പ്രേംകുമാർ, ജെഡിയു എംഎൽഎമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, എച്ച്എഎം അദ്ധ്യക്ഷൻ സന്തോഷ് കുമാർ സുമൻ, സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ് എന്നീ ആറു പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ചടങ്ങിൽ സന്നിഹിതനായിരുന്നു.

രാവിലെ നിതീഷ് ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു. ജെഡിയു എംഎൽഎമാരുടെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്. ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാസഖ്യ മുന്നണി വിട്ടാണ് ജെഡിയും വീണ്ടും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനൊപ്പം ചേരുന്നത്.

അതേസമയം, നിതീഷിനൊപ്പം ചില കോൺഗ്രസ് എംഎൽഎമാരും എൻഡിഎ മുന്നണിയിലെത്തുമെന്നാണ് വിവരം. ബിഹാറിലെ 19 കോൺഗ്രസ് എംഎൽഎമാരിൽ 11 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ലെന്നാണു വിവരം . ആകെയുള്ള 243 സീറ്റുകളിൽ 122 സീറ്റുകളാണ് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവിൽ ബിജെപി- 78, ആർജെഡി – 79, ജെ‍ഡിയു – 45, കോൺഗ്രസ്- 19, ഇടത് കക്ഷികൾ- 16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില.

Related Articles

Latest Articles