തിരുവനന്തപുരം : വെങ്ങാനൂർ മേക്കുംകര ശ്രീ നീലകേശി മുടിപ്പുരയിൽ ആറ് വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള പറണേറ്റ് ഉത്സവത്തിന് ഫെബ്രുവരി 28 തിങ്കളാഴ്ച കൊടിയേറും .തിങ്കളാഴ്ച പുലർച്ചെ ആറു മണിക്ക് തങ്കതിരുമുടി പുറത്തെഴുന്നള്ളിക്കുന്നതോടെയാണ് 55 ദിവസം നീണ്ടു നിൽക്കുന്ന പറണേറ്റ് ഉത്സവത്തിന് തുടക്കമാകുന്നത് .തുടർന്ന് അന്ന് വൈകിട്ട് കിടാരക്കുഴിയിൽ കിഴക്കേദിക്കുബലി നടക്കും .

മാർച്ച് 7,12,22 എന്നീ തീയതികളിലായി യഥാക്രമം വടക്ക് ,പടിഞ്ഞാറ് ,തെക്ക് ദിക്കുകളിലെ ദിക്കുബലി നടക്കും .ഏപ്രിൽ 22 നാണ് പറണേറ്റ് നടക്കുക .തുടർന്ന് മേടപ്പത്തായ ഏപ്രിൽ 23 ന് നിലത്തിൽപോരും നടക്കും .അന്ന് വൈകിട്ട് ആറാട്ട് കഴിഞ്ഞു ദേവിയുടെ തങ്കതിരുമുടി അകത്തെഴുന്നള്ളിക്കുന്നതോടെ പറണേറ്റ് ഉത്സവത്തിന് സമാപനമാകും .

ആറ് വർഷത്തെ ഇടവേളകളിൽ വരുന്ന പറണേറ്റ് ഉത്സവം 2021-ൽ നടക്കേണ്ടതായിരുന്നു .കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ദേവപ്രശ്നവിധിയ്ക്കനുസരിച് ഉത്സവം ഈ വർഷത്തേക്ക് മാറ്റിവച്ചത് .

പറണേറ്റ് ഉത്സവത്തിലെ പ്രാധാന ചടങ്ങുകളായ ദിക്കുബലി ,കച്ചേരിനട എഴുന്നള്ളത്ത് ,പറണേറ്റ് നിലത്തിൽപോര് എന്നിവയുടെ തത്സമയക്കാഴ്ച തത്വമയി നെറ്റ് വർക്കിലൂടെ കാണാവുന്നതാണ് .ഒന്നാം ഉത്സവദിവസമായ ഫെബ്രുവരി 28 തിങ്കളാഴ്ച രാത്രി 10 മുതൽ കിഴക്കേദിക്കുബലിയുടെ തത്സമയക്കാഴ്ച പ്രേക്ഷകർക്ക് കാണാം ..

