Sunday, October 11, 2026

കേന്ദ്ര സർക്കാരും ഉൾഫയും തമ്മിലുള്ള ചർച്ചകൾ വിജയം ; കരാർ ഡിസംബർ 29 ന് ഒപ്പുവച്ചേയ്ക്കും

12 വർഷത്തെ ചർച്ചകൾക്കൊടുവിൽ, ഒരാഴ്ചയ്ക്കുളളിൽ കേന്ദ്രവും ഉൾഫയും (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) സമാധാന കരാറിൽ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. സമാധാന ഉടമ്പടി കേന്ദ്രം ഏതാണ്ട് അന്തിമമാക്കിയതായും കരാർ വരുന്ന 29 ന് വൈകുന്നേരം 5 മണിക്ക് ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.

ദീർഘകാലമായി മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാനം വളർത്തുന്നതിനുമുള്ള കേന്ദ്രസർക്കാരിന്റെ ചരിത്രപരമായ ചുവടുവെപ്പായാണ് സമാധാന ഉടമ്പടിയെ കണക്കാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ഇടപാടിന് അന്തിമരൂപം നൽകാൻ ഉൾഫ മുഖ്യ ചർച്ചാ നേതാക്കൾ രാജ്യ തലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം.

ദില്ലിയിൽ നടക്കുന്ന ഒപ്പിടൽ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കൊപ്പം ഉൾഫയെ പ്രതിനിധീകരിച്ച് 16 അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. ഇതിൽ 8 പേർ കരാർ ഒപ്പിടുന്നവരും 8 പേർ സാക്ഷികളുമായിരിക്കും. കൂടാതെ, ഉയർന്ന റാങ്കിംഗ് ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും അസമിൽ നിന്നുള്ള ഗോത്ര നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

Related Articles

Latest Articles