Sunday, June 16, 2024
spot_img

നേപ്പാളില്‍ മരണപ്പെട്ട പ്രവീണിന്റേയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു

തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ വച്ചു മരണപ്പെട്ട തിരുവനന്തപുരം ചെങ്ങോട്ടുകോണം സ്വദേശി പ്രവീണിന്റേയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരം മെഡി.കോളേജില്‍ നിന്ന് അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണം കാരുണ്യം ലെയ്‌നിലുള്ള വീട്ടിലേക്ക് കൊണ്ടു വന്നത്. വീട്ടുവളപ്പിലൊരുക്കിയ ഒറ്റ കുഴിമാടത്തിലാവും പ്രവീണിന്റെ മൂന്ന് കുഞ്ഞ് മക്കളേയും അടക്കുക. കുട്ടികളുടെ കുഴിമാടത്തിന് ഇരുവശത്തുമായി പ്രവീണിനും ഭാര്യ ശര്യണയ്ക്കും ചിതയൊരുക്കും. പത്ത് മണിയോടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കും.

ഇന്നലെ രാത്രിയോടെ ദില്ലിയില്‍ നിന്നും വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹങ്ങള്‍ രാത്രി തിരുവനന്തപുരം മെഡി.കോളേജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചത്. മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ മൃതദേഹങ്ങള്‍ ഒരോന്നായി പുറത്ത് എടുത്തു. കുടുംബനാഥനായ പ്രവീണിന്റെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ നിന്നും ആദ്യം കൊണ്ടുവന്നത്. പിന്നാലെ മൂത്ത മകള്‍ ശ്രീഭദ്ര (9), ആര്‍ദ്ര (7), അഭിനവ് (4), ഭാര്യ ശരണ്യ(34) എന്നിവരുടെ മൃതദേങ്ങളും പുറത്തേക്കിറക്കി.

അഞ്ച് ആംബുലന്‍സുകളിലായി ഒരുമിച്ചാണ് തിരുവനന്തപുരം മെഡി.കോളേജില്‍ നിന്നും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണത്തെ വീട്ടിലേക്ക് എത്തിച്ചത്.

വീട്ടുമുറത്തൊരുക്കിയ പന്തലിലേക്ക് അഞ്ച് മൃതദേഹങ്ങളും എത്തിച്ചതോടെ ആളുകളുടെ നിലവിളിയും കരച്ചിലും നിയന്ത്രാണാതീതമായി. ആയിരക്കണക്കിന് ആളുകളാണ് പ്രവീണിനും കുടുംബത്തിനും അന്തിമോപചാരം അര്‍പ്പിക്കാനായി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

മരണപ്പെട്ട മൂന്ന് കുട്ടികളുടേയും ജന്മമാസമാണ് ജനുവരി കുട്ടികളില്‍ മൂത്തയാളായ ശ്രീഭദ്ര ജനുവരി 3 നും, മൂന്നാമന്‍ അഭിനവ് ജനുവരി 15നും, രണ്ടാമത്തെയാളായ ആര്‍ച്ച ജനുവരി 31-നുമാണ് ജനിച്ചത്.

എന്നാല്‍ ആഹ്‌ളാദം നിറയേണ്ട വീടിനെ എന്നേക്കുമായി ദുഖത്തിലാഴ്ത്തി അഞ്ച് പേരുടേയും ജീവനറ്റ ശരീരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എം. സുധീരന്‍, മേയര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ മരണപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Related Articles

Latest Articles