ഹരിയാനയിലെ പാനിപ്പത്തിൽ ഒരു കൂട്ടുകുടുംബത്തിലാണ് നീരജിൻ്റെ ജനനം. 17 അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നയാൾ നീരജ് ആയിരുന്നു. അതുകൊണ്ട് തന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ച നീരജിന് 11ആം വയസ്സിൽ 80 കിലോ ആയിരുന്നു തൂക്കം. ടെഡി ബെയർ, പൊണ്ണത്തടിയൻ എന്നിങ്ങനെ പല പേരുകളിൽ സ്കൂളിലെ സുഹൃത്തുക്കൾ അവനെ പരിഹസിച്ചു.കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി വന്ന മകനെ ആശ്വസിപ്പിക്കാനും അവന്റെ ഭാരം കുറയ്ക്കാൻ നീരജ് പാനിപ്പത്തിലെ ജിമ്മില്‍ ചേർത്തു. ആ യാത്ര ഒരു വഴിത്തിരിവായി. യാത്രക്കിടെ ബസിലിരുന്ന് ശിവാജി സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ നടത്തുന്ന അത്‌ലീറ്റുകളെ നീരജ് കണ്ടു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. ടോക്യോയിലെ സ്വർണത്തിളക്കത്തിലേക്കുള്ള നീരജിൻ്റെ യാത്ര അവിടെ തുടങ്ങുന്നു.
ശിവാജി സ്റ്റേഡിയത്തിൽ തന്നെ നീരജ് ജാവലിൻ പരിശീലനം ആരംഭിച്ചു. 30 രൂപ ആയിരുന്നു ഓരോ ദിവസവും നീരജിൻ്റെ കയ്യിൽ ഉണ്ടാവുക. അത് ബസ് കൂലി കൊടുക്കുമ്പോഴേക്കും തീരും. ഒന്നും കഴിക്കാതെ, കുടിക്കാതെ നീരജ് പരിശീലനം തുടർന്നു. വൈകാതെ നീരജിലെ പ്രതിഭയെ ഹരിയാന ജാവലിൻ ത്രോ താരം ജയ്‌വീർ തിരിച്ചറിഞ്ഞു. അങ്ങനെ 14ആം വയസ്സിൽ പാഞ്ച്കുല സ്പോർട്സ് നഴ്സറിയിലൂടെ നീരജ് ജാവലിൻ ത്രോയിൽ പ്രൊഫഷണൽ പരിശീലനം ആരംഭിച്ചു.പിന്നീട് സ്കൂൾ കായിക മേളകളിൽ സജീവമായ നീരജ് ചോപ്ര ദേശീയ വേദികളിലും തന്റെ സ്ഥാനം അറിയിക്കുകയും അതിവേഗം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.2012ൽ, 15ആം വയസ്സിൽ നീരജ് ആദ്യ ദേശീയ ജൂനിയർ സ്വർണം നേടി. അന്ന് 68.46 മീറ്റർ ദൂരം താണ്ടി പുതിയ റെക്കോർഡും സ്ഥാപിച്ചു.2013ൽ ലോക യൂത്ത് ചാംപ്യൻഷിപ്പിലാണ് താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റം.അന്ന് 19-ാം സ്ഥാനത്തായിരുന്നു താരം.2015ൽ ഏഷ്യൻ ചാംപ്യൻഷിപ്പിലേക്ക് എത്തിയപ്പോൾ 9-ാം സ്ഥാനം കണ്ടെത്തി.രാജ്യാന്തര മീറ്റുകളിൽ മോശം പ്രകടനങ്ങൾ നടത്തേണ്ടിവന്നതോടെ നീരജ് വിദേശ പരിശീലകരുടെ സഹായം തേടി. 100 മീറ്റർ ദൂരം ജാവലിൻ പായിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച ഉവെ ഹോഹ്ന അടക്കമുള്ളവർ നീരജിൻ്റെ ഗുരുക്കളായി. ഇതായിരുന്നു അടുത്ത വഴിത്തിരിവ്.

