Friday, January 9, 2026

മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു; നിറത്തിന്റെ പേരിൽ ഭര്‍ത്താവ് അബ്ദുല്‍ വാഹിദും വീട്ടുകാരും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി ആരോപണം

കൊണ്ടോട്ടി : മലപ്പുറത്ത് 19-കാരിയായ നവവധു ആത്മഹത്യ ചെയ്ത നിലയിൽ . കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19)യാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളാണ് ഷഹാന. ഇന്ന് രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് 10 മണിയോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ ഷഹാനയെ കണ്ടെത്തിയതെന്നാണ് വിവരം. കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ ബിരുദ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 27-നാണ് മൊറയൂര്‍ പൂന്തലപ്പറമ്പ് സ്വദേശി അബ്ദുല്‍ വഹാബുമായി ഷഹാനയുടെ നിക്കാഹ് കഴിഞ്ഞത്. തുടര്‍ന്ന് വിദേശത്തേക്ക് പോയ ഭര്‍ത്താവില്‍നിന്ന് ഫോണിലൂടെ നിരന്തരമായി യുവതി മാനസികപീഡനം നേരിട്ടിരുന്നതായി കാണിച്ച് മാതാപിതാക്കളും ബന്ധുക്കളും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ഷഹാനയുടെ നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് അബ്ദുല്‍ വാഹിദും വീട്ടുകാരും മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടിവന്ന കടുത്ത മാനസിക പീഡനമാണ് യുവതിയെ ഇങ്ങനെ ഒരു കടുംകൈയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിവാഹബന്ധം വേര്‍പെടുത്താന്‍ വരെ നിര്‍ബന്ധിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. കബറടക്കം നാളെ (15 ബുധന്‍) രാവിലെ എട്ടിന് കൊണ്ടോട്ടി പഴയങ്ങാടി പള്ളിയില്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Related Articles

Latest Articles