അഹമ്മദാബാദ് : ഗോധ്ര മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ ചരിത്ര വിജയവുമായി സ്വതന്ത്ര ഹിന്ദു സ്ഥാനാർത്ഥി. നൂറ് ശതമാനം വോട്ടർമാരും മുസ്ലിം വിഭാഗത്തിൽ നിന്നുള്ള വാർഡിൽ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് അപേക്ഷാബെൻ നൈനേഷ്ഭായ് സോനി വിജയിച്ചു കയറിയത്.
സ്വന്തം വോട്ട് വാർഡിൽ അല്ലാതിരുന്നിട്ട് കൂടി പ്രദേശവാസികളുടെ വിശ്വാസം ആർജ്ജിക്കാൻ അപേക്ഷാബെൻ സോനിക്ക് സാധിച്ചു. പരമ്പരാഗതമായ ജാതി-മത രാഷ്ട്രീയ സമവാക്യങ്ങൾക്കപ്പുറം, തങ്ങളുടെ പ്രദേശത്തിന്റെ വികസനത്തിന് ഏറ്റവും യോജിച്ച വ്യക്തിയാണ് സ്ഥാനാർത്ഥിയെന്ന് തിരിച്ചറിഞ്ഞാണ് വോട്ടർമാർ ഇത്തരമൊരു തീരുമാനം എടുത്തത്. വ്യക്തിപരമായ മികവിനും വിശ്വാസത്തിനും മതപരമായ അതിർവരമ്പുകളേക്കാൾ മുൻഗണന നൽകിക്കൊണ്ട്, വോട്ടർമാർ നൽകിയ ഈ മാതൃക ‘ഗോധ്ര മോഡൽ’ എന്ന പേരിൽ ഗുജറാത്തിലെ മറ്റ് നഗരങ്ങളിലും വരുംകാലങ്ങളിൽ ചർച്ചയാകാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, ഗുജറാത്തിലെ നഗരപ്രദേശങ്ങളിൽ ബിജെപി വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. സംസ്ഥാനത്തെ പതിനഞ്ചോളം മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി അധികാരം നിലനിർത്തി. അഹമ്മദാബാദിലെ 192 സീറ്റുകളിൽ 146 എണ്ണത്തിലും വിജയിച്ചപ്പോൾ കോൺഗ്രസിന് വെറും 18 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സൂറത്തിൽ 115 സീറ്റുകൾ പിടിച്ചെടുത്ത ബിജെപി, ആം ആദ്മി പാർട്ടിയെ കേവലം നാല് സീറ്റുകളിലേക്ക് ഒതുക്കി. രാജ്കോട്ട്, വഡോദര കോർപ്പറേഷനുകളിലും ബിജെപി വൻ ഭൂരിപക്ഷത്തോടെ 65 സീറ്റുകൾ വീതം നേടി അധികാരം ഉറപ്പിച്ചപ്പോൾ, കോൺഗ്രസിന് ഈ നഗരങ്ങളിൽ രണ്ട് അക്കത്തിലേക്ക് കടക്കാൻ പോലും സാധിച്ചില്ല.

