Saturday, May 18, 2024
spot_img

ഒന്നും കഴിഞ്ഞിട്ടില്ല രാമാ …നോട്ടപ്പുള്ളികളാക്കേണ്ട 19 ഖാലിസ്ഥാൻ ഭീകരരുടെ പട്ടിക തയ്യാറാക്കി എൻഐഎ! പട്ടികയിലുള്ളത് കാനഡ മുതൽ പാകിസ്ഥാൻ വരെ മറയാക്കി ഒളിഞ്ഞിരിക്കുന്ന ഖാലിസ്ഥാൻ ഭീകരർ; സ്വത്ത് വകകൾ ഉടൻ കണ്ടുകെട്ടും; ഭീകരുടെ നിക്ഷേപങ്ങൾ സിനിമകളിൽ മുതൽ കനേഡിയൻ പ്രീമിയർ ലീഗിൽ വരെ

ദില്ലി : ഖാലിസ്ഥാൻ ഭീകരതയെ ലോകത്തു നിന്ന് തന്നെ ഉന്മൂലനം ചെയ്യുന്നതരത്തിൽ മുന്നോട്ട് പോകാനൊരുങ്ങി ഭാരതം. നോട്ടപ്പുള്ളികളാക്കേണ്ട 19 ഖലിസ്ഥാൻ ഭീകരരുടെ പട്ടിക തയ്യാറാക്കി എൻഐഎ തയ്യാറാക്കി. യാതൊര വിട്ടുവീഴ്‌ച്ചയും കൂടാതെ മുന്നോട്ടു പോകാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഭീകരരുടെ പട്ടിക തയ്യാറാക്കി സ്വത്ത് വകകൾ കണ്ടുകെട്ടി, ഇവരുടെ സാമ്പത്തിക ലഭ്യത തടയുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്.ഇതിന് പുറമെ ഇവരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളിൽ കഴിയുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്യും. തീവ്രവാദികളുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്. അമേരിക്ക, കാനഡ, ബ്രിട്ടൺ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്ന ഖാലിസ്ഥാൻ ഭീകരുടെ പട്ടികയാണ് എൻഐഎ തയ്യാറാക്കുന്നത്. 19 പേരുടെ വിവരങ്ങൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കാകും ആദ്യം കടക്കുക. ഇവരെ കൈമാറാനും ആവശ്യപ്പെടും. ആഡംബര നൗകകളിൽ മുതൽ സിനിമകളിൽ വരെ ഭീകരർ കാനഡയിൽ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരവും എൻഐഎക്ക് കിട്ടിയിട്ടുണ്ട്. കനേഡിയൻ പ്രീമിയർ ലീഗിലും തായ്‌ലൻഡിലെ ക്ലബുകളിലും ബാറുകളിലും ഇവർക്ക് നിക്ഷേപമുണ്ട്.

ഇന്നലെ സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പട്‌വന്ത് സിങ് പന്നുവിന്റെ അമൃത്സറിലെയും ചണ്ഡീഗഡിലെയും വീടും കൃഷിഭൂമിയും എൻഐഎ കണ്ടുകെട്ടിയതും ഈ നടപടികളുടെ ഭാഗമായാണ്. യുഎപിഎ നിയമപ്രകാരമാണ് നടപടി. പഞ്ചാബ് മൊഹാലിയിലെ എസ്എഎസ് നഗറിലെ എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം, ചണ്ഡീഗഡിലെ സെക്ടർ 15 സിയിലെ പന്നുവിന്റെ വസതിയുടെ നാലിലൊന്ന് ഭാഗം കണ്ടുകെട്ടുന്നതായി എന്‍ഐഎ അറിയിച്ചു.

2020 ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പന്നുവിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും കർശനമായ നിയമവിരുദ്ധ പ്രവർത്തന (തടയൽ) നിയമത്തിലെ സെക്ഷൻ 51എ പ്രകാരം, അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. അമൃത്സറിലെ ഖാന്‍കോട്ടിലെ പന്നുവിന്റെ പൂർവിക സ്വത്തായ കൃഷി ഭൂമിയിലും നോട്ടീസ് പതിച്ചിട്ടുണ്ട്. 2020 ൽ രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് അഞ്ച് ഏക്കറിൽ കൂടുതൽ വരുന്ന കൃഷിഭൂമി കണ്ടുകെട്ടിയതെന്നും എൻഐഎ നോട്ടീസില്‍ വ്യക്തമാക്കി.

അതേസമയം, നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡ ഇനിയും തെളിവ് കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഖലിസ്ഥാൻ തീവ്രവാദത്തോട് കടുത്ത നിലപാടെന്ന തീരുമാനത്തിലാണ് എൻഐഎ നടപടികൾക്ക് വേഗം കൂട്ടുന്നത്. കാനഡ വെള്ള പൂശാൻ ശ്രമിക്കുന്ന കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ, ഭാരതത്തിൽ ഭീകരാക്രമണം നടത്താനും കൊലപാതക പരമ്പരകൾക്കും പദ്ധതിയിട്ടിരുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖ പുറത്തു വന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇയാൾ കൂട്ടുപിടിച്ചത് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) തലവൻ ജഗ്താർ സിങ് താരയെയാണ്. കാനഡയിൽ മന്ദീപ് സിങ് ധലിവാൾ, സർബ്ജിത് സിങ്, അനുപ്‌വീർ സിങ്, ദർശൻ സിങ് എന്നിവരടങ്ങിയ സംഘത്തെ നിജ്ജാർ പരിശീലിപ്പിച്ചെടുത്തു. 2015 ലെ ഡ‍ിസംബറിൽ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ഇവർക്ക് ആയുധപരിശീലനവും നൽകി.

ഇതിന് ഒരു കൊല്ലം മുൻപ് 2014ൽ ഹരിയാനയിലെ സിർസയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇയാൾക്ക് ഭാരതത്തിലെത്താൻ സാധിക്കാത്തതിനാൽ പദ്ധതി നടപ്പിലായില്ല. പിന്നാലെ മുൻ പഞ്ചാബ് ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായുള്ള ശിവസേന നേതാക്കളായ നിശാന്ത് ശർമ, ബാബ മാൻ സിങ് പെഹോവ വാലെ എന്നിവരെ വധിക്കാൻ നിജ്ജാർ നിർദേശം നൽകി.

പഞ്ചാബിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാതലവൻ അർഷ്ദീപ് സിങ് ഗില്ലിനൊപ്പവും നിജ്ജാർ പ്രവർത്തിച്ചു. 2020ൽ ‘സിഖ് വിരുദ്ധ പ്രവർത്തനങ്ങൾ’ ആരോപിക്കപ്പെട്ട മനോഹർ ലാൽ അറോറയെയും മകൻ ജതീന്ദർബീർ സിങ് അറോറയുടെയും വധിക്കാൻ അർഷ്ദീപിനെ നിജ്ജാർ ചുമതലപ്പെടുത്തി. 2020 നവംബർ 20നു നടന്ന ആക്രമണത്തിൽ മനോഹർ ലാൽ അദ്ദേഹത്തിന്റെ വസതിയിൽ വെടിയേറ്റു മരിച്ചു. പക്ഷേ മകൻ രക്ഷപ്പെട്ടു. ഇവരുടെ കൊലപാതകത്തിന് കാനഡയിൽനിന്നു നിജ്ജാർ പണം അയച്ചു. 2021ൽ ഭാർ സിങ് പുര ഗ്രാമത്തിലെ പുരോഹിതനെ കൊലപ്പെടുത്താനും നിജ്ജാർ അർഷ്ദീപിനോട് ആവശ്യപ്പെട്ടു. എന്നൽ പുരോഹിതൻ രക്ഷപ്പെട്ടു.

1996ൽ വ്യാജ പാസ്‌പോർട്ടിൽ കാനഡയിലേക്ക് കുടിയേറുകയും ചെയ്യുകയും അവിടെ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്ത നിജ്ജാർ, ആയുധ, സ്‌ഫോടക വസ്തു പരിശീലനത്തിനായാണ് പാകിസ്ഥാനിലേക്ക് പോയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പഞ്ചാബ് ജലന്തറിലെ ഭാർ സിഭ് പുര സ്വദേശിയായ ഹർദീപ് സിങ് നിജ്ജാറിനെ ഗുർനേക് സിങ് എന്നയാളാണ് ക്രിമിനിൽ കുറ്റകൃത്യങ്ങളിലേക്കു നയിച്ചതെന്ന് രേഖയിൽ പറയുന്നു. 1980കളിലും 90കളിലും ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് (കെസിഎഫ്) തീവ്രവാദികളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. നിരവധി തീവ്രവാദ കേസുകളിൽ തന്റെ പേര് ഉയർന്നതിനെത്തുടർന്നാണ് 1996ൽ നിജ്ജാർ കാനഡയിലേക്ക് കുടിയേറിയത്.

Related Articles

Latest Articles