Saturday, May 4, 2024
spot_img

‘പാശ്ചാത്യലോകം നുണകളുടെ സാമ്രാജ്യം’ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ; പ്രതികരണം ഭാരതം – കാനഡ നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ

വാഷിങ്ടൺ : പാശ്ചാത്യലോകത്തെ നുണകളുടെ സാമ്രജ്യമെന്ന് വിശേഷിപ്പിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്.ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് ലാവ്റോവിന്റെ പരാമർശം. അമേരിക്കൻ കേന്ദ്രീകൃതമായ ശക്തിയിൽ നിന്നും തുല്യതയിൽ ​വിശ്വസിക്കുന്ന മറ്റൊന്നിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

“രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾക്കെതിരെ പോരാടുമ്പോഴും സോവിയറ്റ് യുണിയനെതിരെ പാശ്ചാത്യ ശക്തികൾ ആക്രമണം ആസൂത്രണം ചെയ്തു. നാറ്റോ സഖ്യം കിഴക്കൻ മേഖലയിലേക്ക് വ്യാപിപ്പിക്കില്ലെന്ന് സോവിയറ്റ്-റഷ്യൻ നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിക്കപ്പെടുകയാണ് ഉണ്ടായത്. യുക്രെയ്നിനെ സൈനികവൽക്കരിക്കുന്നത് പാശ്ചാത്യലോകം തുടരുകയാണ്” – സെർജി ലാവ്റോവ് പറഞ്ഞു.

നേരത്തെ ഭാരതം ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ അഭാവത്തിൽ പങ്കെടുത്തത് ലാവ്റോവായിരുന്നു. ജി20 ഉച്ചകോടി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തതിൽ അദ്ദേഹം അന്ന് ഭാരതത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ജൂണിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചതിനെത്തുടർന്ന് ഭാരതവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്ന സാഹചര്യത്തിലാണ് സെർജി ലാവ്റോവിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

Related Articles

Latest Articles