കൊച്ചി: ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് സ്ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻ ഐ എ . എന്നാല്‍, ഇവര്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത് നേതാവ് സഹ്രാന്‍ ഹാഷിമിന്റെ കേരള ബന്ധത്തെക്കുറിച്ചുളള അന്വേഷണത്തിലായിരുന്നു മലയാളികളെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എൻ ഐ എ വ്യക്തമാക്കി.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് മലയാളികളെ ഞായറാഴ്ച ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോട് സ്വദേശികളും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, കൂഡ്ലു കാളിയംകാവിലെ അഹമ്മദ് അറാഫത്ത്, പാലക്കാട് മുതലമടല ചുള്ളിയാര്‍മേട് ചപ്പക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ എന്നിവരെയാണ് എന്‍ ഐ എ ചോദ്യം ചെയ്തത്. ഇതില്‍ അബൂബക്കറിനോടും അഹമ്മദ് അറാഫത്തിനോടും തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ എന്‍ ഐ എ നിര്‍ദേശം നല്‍കിയിരുന്നു. റിയാസിനെ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്.
റെയ്ഡ് നടന്ന വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, സാക്കിര്‍ നായിക്കിന്റെ പ്രഭാഷണ സിഡികള്‍, സാക്കിര്‍ നായ്ക്കിന്റെയും സയ്ദ് കുത്തബിന്റെയും പുസ്തകങ്ങളും മറ്റും പിടിച്ചെടുത്തു. ചില ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്റെ തമിഴ്‌നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എന്‍.ഐ.എയുടെ നീക്കം. കൊളംബോയിലെ ഭീകാരാക്രമണത്തില്‍ ചാവേറായി മാറിയ സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ ഐ എ അന്വേഷണം. നാഷണല്‍ തൗഹിദ് ജമാഅത്ത് സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അറുപതോളം മലയാളികള്‍ എൻ ഐ എയുടെ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്.
മലപ്പുറത്തും സിമി ക്യാമ്പിലൂടെയും മറ്റും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമായ പാനായിക്കുളത്തും ഒരു വര്‍ഷം മുമ്പാണ് സഹ്രാന്‍ ഹാഷിം എത്തിയത്. ഇയാള്‍ തമിഴ്‌നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നുപോയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും വേരുകളുള്ള നാഷണല്‍ തൗഹിദ് ജമാഅത്തിന് പശ്ചിമേഷ്യന്‍ ഭീകരസംഘടനയായ ഐസിസുമായി അടുത്ത ബന്ധമുണ്ട്. അടുത്തിടെ ഐസിസുമായി നേരിട്ട് ഇടപെഴകാതെ സഹ്രാന്‍ നാഷണല്‍ തൗഹിദ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു.
ഇതിന്റെ പരിണിതഫലമായിരുന്നു ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍. കേരളത്തിലും തമിഴ്‌നാട്ടിലും നിന്ന് സഹ്രാന്‍ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായാണ് വിവരം. ഐസിസിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലും നാഷണല്‍ തൗഹിദ് ജമാഅത്ത് വേരുറപ്പിച്ചെന്നാണ് കണ്ടെത്തല്‍.

