Saturday, May 18, 2024
spot_img

കര്‍ണാടകയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കും;ആസൂത്രിത കുറ്റകൃത്യത്തിന്റെ ശൈലിയുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ

ദില്ലി: കര്‍ണാടകയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അന്വേഷണം എന്‍ഐഎയ്ക്ക്. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ ബസവരാജ ബൊമ്മെ സര്‍ക്കാര്‍ തീരുമാനിച്ചു. ദക്ഷിണ കന്നഡയിലെ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന്റെത് ആസൂത്രിത കുറ്റകൃത്യത്തിന്റെ ശൈലിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാഫിഖ് ബെല്ലാരി, സക്കീര്‍ സവാനുരു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായവരെല്ലാം പോപ്പുലര്‍ ഫ്രണ്ട്/ എസ് ഡി പി ഐ പ്രവര്‍ത്തകരാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ദക്ഷിണ കന്നഡയിലെ ബെല്ലാരി സ്വദേശിയായ പ്രവീണ്‍ നെട്ടാരുവിനെ ചൊവ്വാഴ്ച വൈകിട്ടാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാള്‍ ആക്രമണത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു.

കൊലയാളി സംഘം സഞ്ചരിച്ചത് കേരള രജിസ്‌ട്രേഷന്‍ ബൈക്കിലായിരുന്നുവെന്ന് സാക്ഷിമൊഴികളുടെ പശ്ചാത്തലത്തില്‍ ഇവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ മൂന്ന് ടീമുകളെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. രണ്ട് ടീമുകളെ കര്‍ണാടകയിലെ മടിക്കേരിയിലേക്കും ഹാസനിലേക്കും നിയോഗിച്ചു. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമാണ് ബെല്ലാരി. കേരളത്തില്‍ നിന്ന് ഇവിടെയെത്തി കൊലപാതകം നടത്താന്‍ അക്രമികള്‍ക്ക് എളുപ്പമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊലയ്ക്ക് പിന്നാലെ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാന്‍ മംഗലാപുരത്ത് നിന്നും ഉഡുപ്പിയില്‍ നിന്നും കൂടുതല്‍ പോലീസ് സേനയെയും സ്ഥലത്ത് വിന്യസിച്ചു.

Related Articles

Latest Articles