Saturday, May 4, 2024
spot_img

രാത്രിയാത്ര ; നിബന്ധനകൾ പുതുക്കി റെയിൽവേ! ഇനിമുതൽ രാത്രി പത്ത് കഴിഞ്ഞാൽ മറ്റ് യാത്രക്കാരുടെ ഉറക്കം കളയുന്ന പേക്കൂത്തുകൾ അനുവദിക്കില്ല

പാലക്കാട് : രാത്രിയാത്ര സംബന്ധിച്ച് നേരത്തെ ഇറക്കിയ വ്യവസ്ഥകളിൽ ചിലത് പുതുക്കി ഇന്ത്യൻ റെയിൽവേ.ഇനി മുതൽ രാത്രി പത്ത് മണിക്ക് ശേഷം മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുന്ന വിധത്തിൽ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതും ഉറക്കെ ചർച്ചകൾ നടത്തുന്നതും അനാവശ്യമായി ലൈറ്റുകൾ ഓൺ ചെയ്യുന്നതും പിഴശിക്ഷ ലഭിക്കുന്നതിന് കാരണമാകും. സംഭവത്തിന്റെ ഗൗരവമനുസരിച്ച് പിഴ ഈടാക്കാനാണ് നിർദ്ദേശം.

അതെ സമയം ഉറക്കസമയത്ത് യാത്രക്കാരുടെ ടിക്കറ്റ് പരിശോധന നടത്തുന്നതിലും നിയന്ത്രണങ്ങളുണ്ട്. രാത്രി യാത്രകളിൽ നേരിടുന്ന വിവിധപ്രശ്നങ്ങളെക്കുറിച്ചുളള വ്യാപക പരാതികൾ ഉയർന്നുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കു റെയിൽവേയുടെ നിർദ്ദേശങ്ങൾ. രാത്രി 10 ന് ശേഷം ഓൺലൈനിൽ ഭക്ഷണം നൽകില്ല. എന്നാൽ, ഇ-കാറ്ററിങ്ങിലൂടെ രാത്രി ഭക്ഷണമോ, പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർചെയ്യുന്നതിനു ഇത് ബാധകമാകില്ല.

കംപാർട്ടുമെന്റിലോ കോച്ചിലോ ഇരിക്കുന്ന യാത്രക്കാരൻ മൊബൈലിൽ ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല. റിസർവ് കോച്ചുകളിൽ,കൾ ബർത്ത് കിട്ടിയവർ രാത്രി 10 നുശേഷം ലോവർ ബർത്തിൽ ഇരിക്കരുത്.

എന്നാൽ 10 മണിക്കുശേഷം, ടിടിഇമാരുടെ ടിക്കറ്റു പരിശോധന വേണ്ടെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നാണ് ജീവനക്കാർക്കിടയിൽ ഉയർന്നു വരുന്ന അഭിപ്രായം. ദീർഘദൂര ട്രെയിനുകളിൽ സുരക്ഷിതത്വത്തിന്റെ ഭാഗമായും പലപ്പോഴും പരിശോധിക്കേണ്ടതായി വരും.

യാത്രക്കാരിലെ ഗർഭിണികൾ, ദിവ്യാംഗർ, രോഗികൾ എന്നിവർക്ക് നേരത്തേ കിടക്കേണ്ടി വരുമെന്നതിനാൽ, മറ്റുയാത്രക്കാർ സഹകരിക്കണമെന്നാണ് റെയിൽവേ അഭ്യർത്ഥിച്ചിട്ടുണ്ട്. രാത്രിയാത്രയിൽ പൊതുമര്യാദ പാലിക്കുന്നുവെന്നു നിരീക്ഷിക്കാനും പ്രശ്നങ്ങളിൽ ഉടനടി ഇടപെടാനും ഓൺ-ബോർഡ് ടിടിഇ, കാറ്ററിങ് സ്റ്റാഫ്, മറ്റു ഉദ്യോഗസ്ഥർക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. പുകവലി, മദ്യപാനം തുടങ്ങി, പൊതുസ്വീകാര്യമല്ലാത്ത പ്രവൃത്തികൾ അനുവദിക്കില്ലെന്നും ട്രെയിനിൽ കത്തുന്ന വസ്തുക്കൾ കൊണ്ടുപോകുന്നത് റെയിൽവേ നിയമത്തിന്റെ കടുത്തലംഘനമായി കണക്കാക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles