Saturday, May 18, 2024
spot_img

വർണ്ണോജ്ജ്വലമായ ദീപപ്രഭയില്‍ അയോധ്യ: ഒൻപത് ലക്ഷം ചെരാതുകൾ തെളിഞ്ഞ ദീപോത്സവം ഗിന്നസ് ബുക്കിൽ

അയോധ്യ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സരയൂ നദീതീരത്ത്‌ തെളിച്ചത്‌ 9 ലക്ഷം ചെരാതുകള്‍. ഒപ്പം അയോധ്യയിൽ നടന്ന ദീപോത്സവം ഗിന്നസ് ബുക്കിലും ഇടം നേടി. നവംബർ 3-ാം തീയതി ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സരയൂ തീരത്ത് മണ്‍ചെരാതുകള്‍ തെളിഞ്ഞത്. ദീപപ്രഭക്ക് പുറമെ ലേസർ ഷോകളും പടക്കങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകി. ദീപങ്ങൾക്കൊപ്പം വര്‍ണ്ണാഭമായ വെടിക്കെട്ടും ലേസര്‍ ഡിസ്പ്ലേകളുടെയും അകമ്പടിയോടെ ലൈറ്റ് ഷോയും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു.

ഒരേസമയം ഏറ്റവും കൂടുതൽ ദീപങ്ങൾ കൊളുത്തിയതോടെയാണ് ദീപോത്സവം ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഇതേതുടർന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്തോഷം ട്വിറ്ററിൽ പങ്കുവെച്ചു രംഗത്ത് എത്തി.

രാമക്ഷേത്രം പണിയുന്ന അയോധ്യ നഗരത്തില്‍ ഇത്തവണ മൂന്ന് ലക്ഷം ദീപങ്ങള്‍ അധികമായി കത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അയോധ്യ എന്ന വിശുദ്ധ നഗരത്തിൽ സരയൂ നദീതീരം ദീപങ്ങളാൽ അലംകൃതമായി. വേദമന്ത്ര ധ്വനികളോടെ സത്യത്തിന്റെയും സ്നേഹത്തിന്റെയും ലോകനന്മയുടെയും പ്രതീകമായി കൊളുത്തിയ ദീപങ്ങൾ ലോക റെക്കോർഡ് നേടിയിരിക്കുകയാണ്. ഭഗവാൻ ശ്രീരാമനോടുള്ള വിശ്വാസികളുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ് ഈ നേട്ടം. ദീപോത്സവത്തിന്റെ ഭാഗമായ എല്ലാവർക്കും നന്ദി പറയുന്നതായും യോഗി ആദിത്യനാഥ് അറിയിച്ചു.

Related Articles

Latest Articles