Saturday, January 10, 2026

മലപ്പുറത്ത് നിപ ജാ​ഗ്രത; തിരുവാലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രവർത്തിക്കില്ല; കൺട്രോൾ റൂം തുറന്നു ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കർണാടകയും

മലപ്പുറം : നിപ രോഗലക്ഷണമുള്ള പത്ത് പേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് സാമ്പിളുകളെടുത്തത്. കോഴിക്കോട് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ പുറത്തുവരും. നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിൽ നിപ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. മാസ്ക് നിർബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കൺട്രോൾ റൂമടക്കം തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വണ്ടൂരിനടുത്ത് നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ രോഗലക്ഷണമുള്ള പത്ത് പേരുടെ സാമ്പിളുകളാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.
കൂടാതെ, യുവാവിന്റെ കോൺടാക്റ്റ് ലിസ്റ്റ് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് തയ്യാറാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നെത്തിയ ശേഷം യുവാവ് എവിടെയൊക്കെ പോയിരുന്നു എന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവില്‍ പഠിച്ചിരുന്ന യുവാവ് രണ്ടു മാസം മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന് നാട്ടിലെത്തി ചികിത്സ തേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയ യുവാവ് കഴിഞ്ഞയാഴ്ച കാലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച് ചികിത്സ തേടുകയായിരുന്നു.

നിപ സ്ഥിരീകരിച്ച തിരുവാലി പഞ്ചായത്തിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയറ്ററുകളുമടക്കം തുറക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. കടകൾക്ക് രാവിലെ 10 മുതൽ 7 വരെ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും നേരത്തെ തന്നെ കണ്ടെയ്മെന്‍റ് സോണാക്കിയിരുന്നു.

മലപ്പുറത്തെ നിപ മരണത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കർണാടക ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ബെംഗളൂരുവിൽ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണ വീട്ടിലെത്തിയ സഹപാഠികളെയെല്ലാം നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 13 വിദ്യാർഥികൾ നിലവിൽ കേരളത്തിലാണ്. ഇവരോട് നാട്ടിൽ തുടരാൻ ആരോ​ഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles