Sunday, June 2, 2024
spot_img

നിപ വൈറസ് ബാധ; നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേര്‍ക്കും നിപയില്ല, രോഗം ബാധിച്ച യുവാവിന്റെ നിലയിലും പുരോഗതിയെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കയൊഴിയുന്നു. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പൂനെയിലെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച ഇവരുടെ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. രോഗം വലിയ അളവില്‍ വ്യാപിച്ചിട്ടില്ലെന്ന് കരുതുന്നു. നിപ ഇനി വരില്ലെന്ന് പറയാന്‍ കഴിയില്ലെങ്കിലും നിലവില്‍ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിപ ബാധിതനായ വിദ്യാര്‍ത്ഥിയെ പരിചരിച്ച മൂന്ന് നഴ്‌സുമാര്‍, യുവാവിന്റെ സുഹൃത്ത്, ചാലക്കുടി സ്വദേശികളടക്കം ആറു പേരുടെ രക്ത സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

നിപയുടെ മറവില്‍ കേരളത്തില്‍ മരുന്ന് പരീക്ഷണം നടക്കുകയാണെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. നിപ വൈറസിന് ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ തവണ നിപ ബാധയുണ്ടായപ്പോള്‍ ആസ്ട്രേലിയയില്‍ നിന്ന് മരുന്ന് എത്തിച്ചിരുന്നു. എന്നാല്‍ ഇവ രോഗിയില്‍ പ്രയോഗിച്ചിട്ടില്ല. ജീവന്‍ നഷ്‌ടമാകും എന്ന ഘട്ടത്തില്‍ രോഗിയുടെ ബന്ധുക്കളുടെ അനുമതിയോടെ മാത്രമേ ഈ മരുന്ന് ഉപയോഗിക്കൂ. അതുകൊണ്ട് തന്നെ മരുന്ന് പരീക്ഷണമെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം,നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പനി കുറഞ്ഞതായും ഭക്ഷണം കഴിക്കാനാകുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. അതിനിടെ നിപ ഉറവിടം സംശയിക്കുന്ന മൂന്ന് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്. ഉറവിടം കണ്ടെത്താനുള്ള പരിശോധന, കേന്ദ്രസംഘത്തിന്റെ സഹായത്തോടെ വിവിധ ഇടങ്ങളില്‍ ഇന്നും തുടരും. സമൂഹമാദ്ധ്യമങ്ങളില്‍ നിപ വൈറസ് സംബന്ധിച്ച്‌ ആശങ്കയുണ്ടാക്കുന്ന പോസ്റ്റ് ഇട്ട മൂന്നു പേര്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles