അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ ഇടപാടുകളുണ്ട് എന്നതാണ് പുറത്തുവന്ന സുപ്രധാന വിവരം. ഇയാൾ ഇരകളെ കണ്ടെത്തി രക്തപരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ച ശേഷം അവയവ റാക്കറ്റിന് കൈമാറുകയായിരുന്നുവെന്നാണ് വിവരം. വൃക്ക നൽകാൻ തയ്യാറുള്ളവരുടെ രക്തപരിശോധന നടത്തി ഇയാൾ മൃതസഞ്ജീവനി മാതൃകയിൽ ഡേറ്റാ ബേസ് തയ്യാറാക്കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
എട്ട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇയാൾ അവയവക്കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് വിവരം. പശ്ചിമബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇയാൾ അവയവക്കച്ചവടം നടത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ പരിധിയിൽ പെടുന്ന കേസുകൾ അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

