തിരുവനന്തപുരം: നേമം എംഎൽഎയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് നേമം നിയോജക മണ്ഡലത്തിൽ വിപുലമായ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച്. സാമൂഹിക സംഘടനകളും യുവജന കൂട്ടായ്മകളും. ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് തുണയേകുന്ന മാതൃകാപരമായ പ്രവർത്തനങ്ങളോടെയാണ് രാജീവ് ചന്ദ്രശേഖറുടെ ജന്മദിനം അർത്ഥപൂർണ്ണമാക്കിയത്.

കിടപ്പുരോഗികൾ, വിട്ടുമാറാത്ത രോഗങ്ങൾക്ക് തുടർചികിത്സ തേടുന്നവർ, ഡയാലിസിസിന് വിധേയരാകുന്ന രോഗികൾ എന്നിവർക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകൾ നേരിട്ട് വീടുകളിൽ എത്തിച്ചു നൽകിയാണ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതോടൊപ്പം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും നടക്കാൻ പ്രയാസമനുഭവിക്കുന്നവർക്കും കൈത്താങ്ങായി വാക്കിംഗ് സ്റ്റിക്കുകൾ, വീൽചെയറുകൾ എന്നിവയടക്കമുള്ള അത്യാവശ്യ സഹായ ഉപകരണങ്ങളും വിതരണം ചെയ്തു.

പിറന്നാൾ ദിനത്തോടനുബന്ധിച്ച് നേമം മണ്ഡലത്തിലെ വിവിധ വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും പ്രത്യേക പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു.

നേമം മണ്ഡലത്തിലെ എല്ലാ വാർഡുകളിലുമായി കേന്ദ്രീകരിച്ച് നടത്തിയ ഈ കാരുണ്യ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കാളികളായി. വാർഡ് തലങ്ങളിലെ സാംസ്കാരിക-സാമൂഹിക നേതാക്കളും വാർഡ് കൗൺസിലർമാരും ജനപ്രതിനിധികളും ചേർന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നഗരസഭാ ഡെപ്യൂട്ടി മേയർ ആശാനാഥ്, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു ജി. എസ്, ബി.ജെ.പി നേതാക്കളായ കോളിയൂർ രാജേഷ്, നേമം രാജേഷ് എന്നിവരാണ് മണ്ഡലത്തിലെ വിവിധ വാർഡുകളിൽ നടന്ന ഈ വിപുലമായ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജനങ്ങളിലേക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ നേതൃത്വം നൽകുകയും ചെയ്തത്.

